കര്‍ഷകര്‍ക്ക് പ്രതീക്ഷയായി പടന്നക്കാട് കാര്‍ഷിക കോളജില്‍ ടിഷ്യു നേന്ത്രവാഴ തൈകള്‍
കാഞ്ഞങ്ങാട്: വാഴ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി പടന്നക്കാട് കാര്‍ഷിക ഫാമില്‍ 20,000 ടിഷ്യു നേന്ത്രവാഴ തൈകള്‍ വില്‍പനക്ക് തയാറായി. മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയതിനാല്‍ തുലാവര്‍ഷത്തിനു മുന്‍പേ വാഴക്കൃഷിക്ക് ആരംഭം കുറിക്കാം.
50കിലോ വരെ തൂക്കം വരുന്ന ഗോവാ മന്തോളി ഇനത്തില്‍പെട്ട ടിഷ്യു വാഴയാണ് പ്രധാന ഇനം. ഉയരം കൂടിയ ഇനമാണെന്ന ഒരു പ്രശ്‌നമൊഴിച്ചാല്‍ കര്‍ഷകനു മികച്ച വിളവു നല്‍കുന്ന വാഴയിനമാണിത്. സാധാരണ നേന്ത്ര വാഴ ഇനങ്ങളെക്കാള്‍ ഒരു മാസം കൂടുതല്‍ വേണം ഇതിനു വിളവെടുക്കാന്‍. ടിഷ്യു വാഴതൈകള്‍ നടേണ്ട രീതിയും വ്യത്യസ്തമാണ്. വാഴക്കന്നുകള്‍ വേരു നീക്കി ചാണക വെള്ളത്തില്‍ മുക്കി നാലോ അഞ്ചോ ദിവസം വെയിലത്തും 15 ദിവസം തണലത്തും ഉണക്കണം. കുഴിയില്‍ മേല്‍ മണ്ണും കമ്പോസ്റ്റും ഇട്ട് മൂടിയ ശേഷം ഒത്ത നടുവില്‍ വാഴത്തണ്ട് അഞ്ചു സെന്റീമീറ്റര്‍ മുകളില്‍ വരത്തക്കവണ്ണം വാഴക്കന്നു നടണം. നടുന്ന സമയത്ത് 10 കി.ഗ്രാം വളപ്രയോഗം നടത്തി മണ്ണിടണം. ആവശ്യമായ വിധത്തില്‍ നന്നായി ദിവസവും നനയ്ക്കണം. വാഴത്തൈകളില്‍ മറ്റൊരു പ്രധാന ഇനം തലശ്ശേരി നേന്ത്രനാണ്. മറ്റു നേന്ത്രവാഴകളെക്കാള്‍ താരതമ്യേന നീളം കുറവാണിതിന്. നാലോ അഞ്ചോ പടന്നകള്‍ ഉള്ള തരതമ്യേന ചെറിയ കുലകളാണ് ഇതില്‍ നിന്നു ലഭിക്കുകയെന്ന് ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍ പറഞ്ഞു. തൈ ഒന്നിന് 25 രൂപയാണ് വില. ഒരു വാഴയില്‍ നിന്നു 300 മുതല്‍ 400 വരെ ടിഷ്യു വാഴതൈകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.
വാഴക്കന്നിനെ കൂടാതെ റെഡ് ലേഡി പപ്പായ, മൊഹിത് നഗര്‍, മംഗള, ശ്രീമംഗള, സുമംഗള ഇനത്തില്‍ പെട്ട കമുകിന്‍ തൈകളും, നീലം, കലപ്പാടി, തോത്താപ്പൂരി, ബംഗനപ്പള്ളി ഇനത്തില്‍ പെട്ട മാവിന്‍ തൈകളും പന്നിയൂര്‍ ഒന്ന് ഇനത്തില്‍ പെട്ട കുരുമുളക് ചെടികളും, പലതരം ഫല വൃക്ഷച്ചെടികളും ഇവിടെ കര്‍ഷകരെയും കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."