മോദിയുടെ റാലിക്കായി പൊളിച്ചുനീക്കിയത് 300 കൂരകള്‍
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കു വേണ്ടി പൊളിച്ചുനീക്കിയത് 300 ഓളം കൂരകള്‍. മാനസസരോവറില്‍ ബുള്‍ഡോസറുകള്‍ എത്തിയാണ് ഇത്രയും കൂരകള്‍ പൊളിച്ചുനീക്കിയത്.
ഇതോടെ ആയിരത്തിലേറെ പേര്‍ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാവിലെ തന്നെ പൊലിസ് എത്തി പ്രദേശത്തെ എല്ലാ കുടുംബങ്ങളോടും ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകാതെ ബുള്‍ഡോസറുകളെത്തി പ്ലാസ്റ്റിക് ഷീറ്റും തകരവും കൊണ്ട് നിര്‍മിച്ച കൂരകളൊക്കെയും പിഴുതുമാറ്റി അവശിഷ്ടങ്ങള്‍ ലോറിയിലേക്കിട്ട് മണിക്കൂറുകള്‍ക്കകം പ്രദേശം നിരപ്പാക്കി. പിന്നീട് അവിടെ കാര്‍പ്പറ്റ് വിരിച്ചു പന്തലും ഉയര്‍ന്നു. ബി.ജെ.പി പതാകകളും തോരണവും കൊണ്ട് നിറയുകയുംചെയ്തു. ബുധനാഴ്ചയായിരുന്നു ജയ്പൂരില്‍ മോദിയുടെ പരിപാടി.
കുടിലുകള്‍ നഷ്ടമായവര്‍ക്ക് ഇതുവരെ പകരം സംവിധാനം ആയിട്ടില്ല. വീട് നഷ്ടമായവര്‍ ഇപ്പോഴും റോഡരികിലാണ് കഴിയുന്നത്. ''അവര്‍ക്കറിയോ ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ഇതുപോലൊരു കൂര ഒരുക്കുന്നതെന്ന്? വീടിനുമുകളില്‍ വയ്ക്കുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റിന് വരും 500 രൂപ''- വീട് നഷ്ടമായ വീട്ടമ്മമാരിലൊരാളായ ലളിത പറഞ്ഞു. ''ശരിയാണ് ഞങ്ങള്‍ റോഡരികിലാണ് കഴിഞ്ഞത്. എന്നു കരുതി മാലിന്യക്കൂമ്പാരത്തിനു മുകളിലും ഞങ്ങള്‍ കഴിയണം എന്നാണോ? ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനമോ സൗകര്യമോ പോലും ഇപ്പോള്‍ ഇല്ല''- മറ്റൊരു വീട്ടമ്മ ലക്ഷ്മി പറഞ്ഞു.
നാലുദിവസമായി ഭക്ഷണം പാകംചെയ്തിട്ട്. ഭക്ഷണം വാങ്ങാന്‍ കൈയില്‍ പണവും ഇല്ല. വിശന്നൊട്ടിയ വയറുമായാണ് ഇപ്പോള്‍ ഉറക്കമെന്നും വീട്ടമ്മ പൂജ പറഞ്ഞു. കൂര നഷ്ടമായി ഭവനരഹിതരായതോടെ ഇവരുടെ വരുമാനവും നിലച്ചു. ലഗേജുകളെല്ലാം റോഡരികില്‍ ആയതിനാല്‍ ഇത് പൊതുസ്ഥലത്തിട്ട് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും ഞായറാഴ്ച മുതല്‍ പതിവായി ജോലിനോക്കുന്ന വീട്ടില്‍ പോവാന്‍ കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു വീട്ടമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."