വെഞ്ഞാറമൂട് ഇരട്ടക്കൊല
സ്വന്തം ലേഖകന്‍
വെഞ്ഞാറമൂട് (തിരുവനന്തപുരം): വെഞ്ഞാറമ്മൂട് തേമ്പാമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ പുലര്‍ച്ചെ സംഭവസ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി.
കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കൃത്യം നടന്ന തേമ്പാമൂട് ജങ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്‍വശത്തായിരുന്നു പ്രതികളെ എത്തിച്ചത്. പ്രതികള്‍ സംഭവം പൊലിസിനോട് വിശദീകരിച്ചു. വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് വച്ചിരുന്നത്. എന്നാല്‍ കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു. പ്രതികളെ സ്ഥലത്തു കൊണ്ടു വരുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുമെന്നുള്ള സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്‍ സുരക്ഷാസന്നാഹത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയ്ക്കായിരുന്നു തെളിവെടുപ്പ്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് കുമാര്‍, വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ലാത്ത പ്രതികളെ കഴിഞ്ഞ ദിവസം ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. അന്‍സാര്‍, നജീബ്, അജിത് എന്നീ പ്രതികളെയാണ് ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബര്‍ എസ്‌റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും പെട്രോള്‍ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജങ്ഷനിലും എത്തിച്ച് തെളിവെടുത്തത്.
പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍വിളി സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഓഗസ്റ്റ് മുപ്പതിന് രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥ്‌ലാജിനെയും ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."