മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ് എഡിറ്റര്‍ ഷിജു ചെറുതാഴം അര്‍ഹനായി.
അന്ധയും ബധിരയും മൂകയുമായിട്ടും പ്രതിസന്ധികളെ തട്ടിയെറിഞ്ഞ് മനോഹരമായി ജീവിക്കുന്ന സിംഷ്‌നയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ 'അച്ഛന്റെ മകള്‍ മലയാളിയുടെ ഹെലന്‍ കെല്ലര്‍' എന്ന ലേഖനമാണ് ഷിജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാടവന ബാലകൃഷ്ണപിള്ള, സരിത വര്‍മ എന്നിവരടങ്ങിയ ജൂറിയാണ് ഈ വിഭാഗത്തിലെ അവാര്‍ഡ് നിര്‍ണയം നടത്തിയത്. അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി സബ് എഡിറ്റര്‍ അനു എബ്രഹാം അര്‍ഹനായി. പകര്‍ച്ചവ്യാധികളും വൈറസുകളും ആരോഗ്യ രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും ഈ രംഗത്ത് ഗവേഷണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്ന 'പാഠം പഠിക്കാത്ത ആരോഗ്യകേരളം 'എന്ന അന്വേഷണാത്മക പരമ്പരയാണ് അനുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്‍.പി രാജേന്ദ്രന്‍, ഡോ. സുജ സൂസന്‍ ജോര്‍ജ്, ഡോ.എസ്.ആര്‍ സഞ്ജീവ് എന്നിവരായിരുന്നു വിധി നിര്‍ണയ സമിതിയംഗങ്ങള്‍.
മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് തത്സമയത്തിലെ കെ.സി. റിയാസിന് ലഭിച്ചു. അസ്വാഭാവിക മാറ്റങ്ങളും പ്രളയാനന്തര കരുതലും' എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രഫര്‍ റിജോ ജോസഫ് അര്‍ഹനായി.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്‍ ടി.വിയിലെ സീനിയര്‍ പ്രൊഡ്യൂസര്‍ കെ.പി സോഫിയ ബിന്ദ് അര്‍ഹയായി.
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് കേരള പ്രണാമം ലേഖകന്‍ കൊളവേലി മുരളീധരന്‍ അര്‍ഹനായി. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."