അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ വെട്ടേറ്റു മരിച്ചു
അടിമാലി (ഇടുക്കി): അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. മാങ്കുളം ചിക്കണംകുടിയില്‍ ലക്ഷ്മണന്(55) ആണ് മരിച്ചത്. അയല്‍വാസിയായ ഇരുമ്പുപാലം പുല്ലാട്ട് ഇഖ്ബാലിന്റെ ഭാര്യ ലെഷീദ(30) യ്ക്കാണ് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഖ്ബാലി(45) നെ പൊലിസ് തെരയുകയാണ്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ലക്ഷ്മണന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പൊലിസ് പറയുന്നതിങ്ങനെ: പുറത്തു പോയിരുന്ന ഇഖ്ബാല്‍ ഇന്നലെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ ലെഷീദ ലക്ഷ്മണന്റെ വിട്ടില്‍ പോയിരുന്നു. ലെഷീദ തനിക്ക് വിരോധമുള്ള ലക്ഷ്മണന്റെ വീട്ടില്‍ പോയത് ഇയാളെ ചൊടിപ്പിച്ചു. ഇതേ ചൊല്ലി ഇഖ്ബാലും ലെഷീദയുമായി വാക്കേറ്റമുണ്ടായതായും ഇഖ്ബാല്‍ ലക്ഷ്മണനേയും ഭാര്യയേയും വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ലക്ഷ്മണനെ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടിന് സമീപത്തെ കാട്ടിലേക്ക് മറഞ്ഞ ഇഖ്ബാലിനെ പൊലിസ് തെരയുകയാണ്. മല്ലികയാണ് ലക്ഷ്മണന്റെ ഭാര്യ. വിജയന്, ബിജിമോള്‍ എന്നിവര്‍ മക്കളാണ്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മൂന്നാര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."