കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കിയത് തമ്മിലടിയുടെ ഒന്‍പത് മാസത്തിനു ശേഷം
തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെയും സ്വയം ഗ്രൂപ്പുകളായി നില്ക്കുന്ന നേതാക്കളുടെയും തമ്മിലടിയുടെ ഒന്‍പതു മാസത്തിനു ശേഷമാണ് കെ.പി.സി.സിയുടെ തുടര്‍ ഭാരവാഹിപ്പട്ടിക പ്രസിദ്ധീകരിക്കാനായത്.
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പോകുന്നതിനു മുന്നോടിയായാണ് ഇപ്പോഴെങ്കിലും പട്ടിക പ്രസിദ്ധീകരിക്കാനായത്. ചുരുക്കാന്‍ നിര്‍ദേശിച്ച് ഒന്നിലധികം തവണ ഹൈക്കമാന്റ് പട്ടിക തിരിച്ചയച്ചെങ്കിലും കാര്യമായ ഭേദഗതി വരുത്താതെ കേരള നേതൃത്വം വീണ്ടും നല്‍കുകയായിരുന്നു.
എ, ഐ ഗ്രൂപ്പുകള്‍ നല്കിയ പേരുകളെല്ലാം ഉള്‍പ്പെടുത്തിയതിനൊപ്പം എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, വയലാര്‍ രവി തുടങ്ങിയവരുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നോമിനികളും പട്ടികയില്‍ ഇടംപിടിച്ചു. കെ. മുരളീധരന് ഉള്‍പ്പെടെയുള്ള എം.പിമാര്‍ നല്കിയ പേരുകളും ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടതോടെയാണ് ജംബോ കമ്മിറ്റിയായത്.
വര്‍ക്കിങ് പ്രസിഡന്റുമാരായി കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷുമുണ്ടെങ്കിലും പുതുതായി അരെയും ആ സ്ഥാനത്തേക്ക് നിയമിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ പോയ കെ.വി തോമസിനെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അതും നടന്നില്ല. വൈസ് പ്രസിഡന്റുമാരുടെ എണ്ണവും 12ല്‍ നിന്ന് കൂട്ടാന്‍ ഹൈക്കമാന്‍ഡ് തയാറായില്ല.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്ലാതെ കഴിഞ്ഞ ഒന്‍പതു മാസമാണ് കെ.പി.സി.സി പ്രവര്‍ത്തിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുന്നത് കോണ്‍ഗ്രസിനു ഗുണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."