കോളജുകളില്‍ പുതിയ കോഴ്‌സുകള്‍: മാനദണ്ഡം അശാസ്ത്രീയമെന്ന് ആക്ഷേപം
കോഴിക്കോട്: സംസ്ഥാനത്ത് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം അശാസ്ത്രീയവും അപ്രായോഗികവുമെന്ന ആക്ഷേപം ശക്തം.
നാക് അക്രഡിറ്റേഷനുള്ള എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ നവീന കോഴ്‌സ് തുടങ്ങാനുള്ള അപേക്ഷാ സംബന്ധമായാണ് ആക്ഷേപമുയരുന്നത്. നാക്ക് അക്രഡിറ്റേഷനില്‍ 3.26 നുമുകളിലുള്ള സ്ഥാപനങ്ങള്‍ക്കാണ് പുതിയ കോഴ്‌സിന് അപേക്ഷിക്കാന്‍ അര്‍ഹത.
കേരള, എം,ജി, കാലിക്കറ്റ്, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം 22നു മുമ്പ് സര്‍വകലാശാലകളുടെ ശുപാര്‍ശ സഹിതം അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കണം. അടുത്ത മാസം ഒന്നിനു തന്നെ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന കോളജുകള്‍ക്ക് നിഷകര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അശാസ്ത്രീയവും വളര്‍ന്നുവരുന്ന പല കലാലയങ്ങള്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. നാക് പരിശോധനയില്‍ 3.26 എന്ന ഗ്രേഡിലെത്തിയ സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് ( എന്‍.ഐ.ആര്‍.എഫ്) 100ല്‍ താഴെ റാങ്കില്‍പ്പെട്ടതുമായ കോളജുകള്‍ക്കും മാത്രമേ പുതിയ കോഴ്‌സിന് അപേക്ഷ നല്‍കാനാവൂ എന്ന വിചിത്ര തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇങ്ങിനെ വരുമ്പോള്‍ കേരളത്തിലെ വിരളം കോളജുകള്‍ക്കേ പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാനാവൂ. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതുള്‍പ്പെടെ മലബാറിലെ നിരവധി കോളജുകള്‍ വളര്‍ന്നു വരുന്നതിന് ഈ നിബന്ധന തടസമാവുകയാണ്.
നാക് (ചഅഅഇ) ഗ്രേഡിന്റെയും നിര്‍ഫ് (ചകഞഎ) റാങ്കിങ്ങിന്റെയും പ്രധാന മാനദണ്ഡം കോളജുകളിലെ പുതിയ കോഴ്‌സുകളും ഗവേഷണ കേന്ദ്രങ്ങളുമാണ്. സര്‍ക്കാര്‍ പുതുതായി അനുവദിക്കുന്ന കോഴ്‌സുകള്‍ കേരളത്തിലെ ഒട്ടുമിക്ക എയ്ഡഡ് കോളജുകളിലുമുണ്ടാവില്ല. എന്നാല്‍ കാലാകാലമായി കോഴ്‌സുകളും സര്‍ക്കാര്‍ ഫണ്ടുകളും കൈവശം വച്ചുപോകുന്ന ചില സ്ഥാപനങ്ങള്‍ മാത്രം ഈ ആനുകൂല്യങ്ങള്‍ നേടുകയും പുതിയ കലാലയങ്ങളെ അവഗണിക്കപ്പെടുന്ന അവസ്ഥയുമാണ് പുതിയ നിബന്ധനയിലൂടെ സംജാതമാവുക. നാകിന്റെ 3.26 ഗ്രേഡ് സാധാരണ ഗതിയില്‍ ഗ്രാമീണ മേഖലയിലുള്ള കോളജുകള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ വികലമായ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ് ഇതോടെ തെളിഞ്ഞു വരുന്നതെന്നും വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തു പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ യു.ജി.സി അംഗീകാരമുള്ള മുഴുവന്‍ കോളജുകള്‍ക്കും പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീചേഴ്‌സ് (സി.കെ.സി.ടി) പോലെയുള്ള സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."