അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങി കുളിച്ച സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി ഇ.പി ജയരാജന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി.
കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യൂറോയാണ് നാട് ഭരിക്കുന്നത്. ഓരോ മണിക്കൂറിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന സര്‍ക്കാരാണ് ഇതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മകന് കോടികള്‍ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഇ.പി ജയരാജന് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥന് എം.എല്‍.എ, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ്.എം ബാലു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിക്കുകയും പ്രതീകാത്മക രാജിക്കത്ത് വായിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയായതോടെ പൊലിസ് ലാത്തിവീശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."