ജലീല്‍ കുരുക്കില്‍; തലപുകഞ്ഞ് സി.പി.എം
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ മറികടക്കാനുള്ള തന്ത്രങ്ങള്‍ തേടി സി.പി.എമ്മും സര്‍ക്കാരും. ഇ.ഡിക്ക് പിന്നാലെ എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ഉടന്‍ ചോദ്യം ചെയ്തേക്കും.
കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍ ജലീലിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് പാര്‍ട്ടിയും സി.പി.എമ്മും. പുതിയ വിവാദങ്ങളില്‍ ഘടകകക്ഷിയായ സി.പി.ഐക്ക് അതൃപ്തിയുണ്ടെങ്കിലും പ്രതികരിക്കുന്നതിന് തയാറായിട്ടില്ല.
സി.പി.എം പ്രതിസന്ധിയിലാകുന്ന അവസരങ്ങളിലൊന്നും അവരെ പിന്തുണയ്ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്തൊരിക്കലും സി.പി.ഐ തയാറായിരുന്നില്ല.
ജലീലിനെ ഇ.ഡി. ചോദ്യം ചെയ്ത സാഹചര്യത്തില്‍ തന്നെ ശക്തമായ പ്രതിഷേധ സമരങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് യു.ഡി.എഫിനൊപ്പം ബി.ജെ.പിയും തീരുമാനിച്ചിരിക്കുന്നത്.
ഇ.ഡി ചോദ്യം ചെയ്ത ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലേക്ക് സി.പി.എം പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും മാറിയിട്ടുണ്ട്. മാത്രമല്ല അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലേക്കും സി.പി.എം എത്തിയിരിക്കുകയാണ്. മന്ത്രിയെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുന്നതിലൂടെ എന്‍.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യുമ്പോള്‍ ഈ വാദത്തിന് കൂടുതല്‍ അടിത്തറ നല്‍കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
കുറ്റം കണ്ടെത്തിയാല്‍ മാത്രം രാജിയെന്ന നിലപാടില്‍ ഉറച്ചാണ് സി.പി.എം നില്‍ക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായി നില്ക്കുമ്പോള് രാജിവച്ചാല്‍ അത് പ്രതിപക്ഷത്തിന്റെ വിജയമായി വിലയിരുത്തപ്പെടും. കുറ്റം ചെയ്തുവെന്ന് കണ്ടെത്തുന്ന സാഹചര്യത്തില്‍ മാത്രം ജലീലിന്റെ രാജിയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നുമാണ് സി.പി.എം നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."