സഊദിയിൽ രോഗ മുക്തി അതിവേഗം; നിലവിൽ ചികിത്സയിൽ 18,513 രോഗികൾ
റിയാദ്: സഊദിയിൽ കൊവിഡ് രോഗ മുക്തി അതിവേഗമെന്ന് കണക്കുകൾ. ഒരു ഘട്ടത്തിൽ അറുപതിനായിരത്തോളം രോഗികൾ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ഥാനത്തിപ്പോൾ ഇരുപത്തിനായിരത്തിൽ താഴെ മാത്രമാണ് ചികിത്സയിൽ കഴിയുന്ന രോഗികൾ. രണ്ടു മാസത്തിനുള്ളിൽ രോഗ മുക്തരായി വീടുകളിലേക്കു മടങ്ങിയവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പുതിയ രോഗികളുടെ എണ്ണത്തിലും വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ഒടുവിൽ ഞായറാഴ്ച വൈകീട്ട് പുറത്ത് വിട്ട കണക്കിൽ 1,034 രോഗികൾ രോഗ മുക്തരായപ്പോൾ 601 ആളുകളിൽ മാത്രമാണ് പുതിയ രോഗം സ്ഥിരീകരിച്ചത്. 28 രോഗികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 18,513 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,326 കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയിലാണ്. ഇതിനകം രാജ്യത്ത് 5,722,477 പിസിആർ റെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം നടത്തിയത്. ഇത്രയും ടെസ്റ്റുകൾ നടത്തിയപ്പോൾ 325,651 വൈറസ് ബാധയാണ് രാജ്യത്ത് കണ്ടെത്തിയത്.
ഇവരിൽ 302,870 രോഗികൾ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുകയും 4,268 രോഗികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആകെ രോഗം കണ്ടെത്തിയവരിൽ 93 ശതമാനവും രോഗ മുക്തരായിട്ടുണ്ട്. 5.68 ശതമാനമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.31 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ 206 പ്രദേശങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."