അനക്കമില്ലാതെ ആരോഗ്യ സര്‍വകലാശാല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 2016- 17 അധ്യയന വര്‍ഷംനടന്ന ഒന്നാം വര്‍ഷ പരീക്ഷയില്‍ കൂട്ടത്തോല്‍വി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ തോല്‍വി പരിശോധിയ്ക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യ സര്‍വകലാശാല, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ തോല്‍വിയെ കുറിച്ച് മൗനം പാലിക്കുകയാണ്.
ഏറ്റവും കുറവ് വിജയ ശതമാനം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലാണ്. 52.53 ശതമാനമാണ് വിജയം. പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ 55 ശതമാനവും, പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ 57.05 ശതമാനവും, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ 60.8 ശതമാനവും, തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജില്‍ 66.44 ശതമാനവും, തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 68.25 ശതമാനവും, പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ 69.57 ശതമാനവും, തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ കോളജില്‍ 71.72 ശതമാനവും, വയനാട് ഡി.എം മെഡിക്കല്‍ കോളജില്‍ 72.03 ശതമാനവും, കോഴിക്കോട് കെ.എം.സി.റ്റി മെഡിക്കല്‍ കോളജില്‍ 72.48 ശതമാനവും, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ 74.54 ശതമാനവും, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളജില്‍ 76.35 ശതമാനവും, തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, എറണാകുളം ശ്രീനാരായണ മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ 79.17 ശതമാനവും, കൊല്ലം അസീസിയയില്‍ 80.21 ശതമാനവും, മലപ്പുറം എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ 85.57 ശതമാനവും, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ 86.46 ശതമാനവും പരിയാരം മെഡിക്കല്‍ കോളജില്‍ 89 ശതമാനവും, തിരുവല്ല പുഷ്പഗിരിയില്‍ 90 ശതമാനവും, കോലഞ്ചേരി മലങ്കര ഓര്‍ത്തോഡക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് 91 ശതമാനവും, തൃശൂര്‍ അമല മെഡിക്കല്‍ സയന്‍സ് 96 ശതമാനവും, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് 97 ശതമാവുമാണ് വിജയം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 12 വിദ്യാര്‍ഥികളുടെ തോല്‍വി വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും സര്‍വകലാശാല അതിന്റെ പേരില്‍ അന്വേഷണം പ്രഖ്യാപിക്കുകയും അധ്യാപകരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. അതേ സമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഒരന്വേഷണമോ നടപടിയോ കോളജുകള്‍ക്കെതിരെയോ അധ്യാപകര്‍ക്കെതിരെയോ ഉണ്ടായില്ല.
സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാന്‍ സര്‍വകലാശാല മനഃപൂര്‍വം ഇക്കാര്യം മറച്ചുപിടിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇത് മാനേജ്‌മെന്റുകളെ സഹായിക്കാനും സപ്ലിമെന്ററി പരീക്ഷയിലൂടെ മാനേജ്‌മെന്റുകള്‍ക്കും സര്‍വകലാശാലയ്ക്കും ലഭിക്കുന്ന വന്‍ തുക നഷ്ടമാകാതിരിക്കാനുമാണെന്നും ആരോപണമുണ്ട്.
അന്വേഷണം നടന്നാല്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അസൗകര്യങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ചയാവുകയും ചെയ്യും. ഒരു പേപ്പര്‍ ആവര്‍ത്തിക്കാന്‍ ഒരു വിദ്യാര്‍ഥി 20,000 രൂപ ട്യൂഷന്‍ ഫീ ആയി കോളജിന് നല്‍കണം. ഇത് കൂടാതെ പരീക്ഷാ ഫീ ആയി 5,000 രൂപ സര്‍വകലാശാലയ്ക്കും നല്‍കണം.
സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്നതിലും കൂടുതല്‍ തുക കോളജുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. ബാക്കി തുക പുറത്തുനിന്നും വരുന്ന അധ്യാപകര്‍ക്ക് കൊടുക്കാനാണെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇക്കാര്യങ്ങളിലെല്ലാം സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നാണ്,സ്വാശ്രയകോളജിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."