മിന്നലാക്രമണത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും വാക്‌പോര് തുടരുന്നു
ജയ്പൂര്‍: അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ മിന്നലാക്രമണങ്ങളുടെ പേരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര് തുടരുന്നു.
യു.പി.എ ഭരണകാലത്ത് ആറു മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വ്യാഴാഴ്ചത്തെ കോണ്‍ഗ്രസിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രംഗത്തുവന്നതോടെയാണ് വിഷയം വീണ്ടും സജീവമായത്. കോണ്‍ഗ്രസിന് കടലാസില്‍ മാത്രമെ മിന്നലാക്രമണം നടത്താന്‍ കഴിയൂവെന്നായിരുന്നു ഇന്നലെ മോദിയുടെ പരിഹാസം. മിന്നലാക്രമണത്തെ ആദ്യം തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങളും മിന്നലാക്രമണം നടത്തിയെന്ന് പറഞ്ഞു വന്നിരിക്കുകയാണ്. ജനങ്ങള്‍ താന്‍ പറഞ്ഞത് വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ സികാറില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
യു.പി.എ കാലത്ത് മൂന്ന് മിന്നലാക്രമണങ്ങള്‍ നടത്തിയെന്നാണ് മുന്‍പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് മറ്റൊരു നേതാവ് ഇപ്പോള്‍ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം മിന്നലാക്രമണം സംബന്ധിച്ച കോണ്‍ഗ്രസിന്റെ അവകാശവാദം 600 ആയി ഉയരും. എന്നാല്‍ അവയെല്ലാം കടലാസില്‍ മാത്രമാവും ഉണ്ടാവുക. കള്ളം മാത്രമാണ് കോണ്‍ഗ്രസ് പറയുന്നതെന്നും മോദി ആരോപിച്ചു. തീവ്രവാദികള്‍ക്കോ പാകിസ്താന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. ഇന്ത്യക്കാര്‍ക്കും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് 'ആക്രമണം' എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ- മോദി ചോദിച്ചു.
യു.പി.എ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോദി സര്‍ക്കാരിന്റെ കാലത്ത് രണ്ടെണ്ണമാണ് നടന്നതെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മിന്നലാക്രമണം നടത്തിയ തിയ്യതികളും അദ്ദേഹം വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതിനു മറുപടി പറയവെയാണ് കോണ്‍ഗ്രസിനെ മോദി പരിഹസിച്ചത്.
അതേസമയം, മോദിയുടെ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിനു മറുപടിയുമായി എ.ഐ.സി.സി ഖജാഞ്ചി അഹമ്മദ് പട്ടേല്‍ രംഗത്തുവന്നു. യു.പി.എ കാലത്ത് മിന്നലാക്രമണങ്ങള്‍ നടന്നുവെന്നത് സത്യമാണ്. അവയെ തള്ളിപ്പറയുന്നത് കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്നതല്ല, മിന്നലാക്രമണത്തിനു നേതൃത്വം കൊടുത്ത സൈനികരെ അവഹേളിക്കലാണ്. മോദി നടത്തിയത് മാത്രമാണ് യാഥാര്‍ഥ മിന്നലാക്രമണമെന്നും മറ്റെല്ലാം കള്ളമാണെന്നുമാണ് അദ്ദേഹം പറയുന്നതെന്നും അഹമ്മദ് പട്ടേല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും ചെയ്യുകയാണ് കോണ്‍ഗ്രസ്. അത് വ്യോമാക്രമണം ആവട്ടെ, ബംഗ്ലാദേശ് യുദ്ധമാവട്ടെ. പക്ഷേ, സൈനികനടപടികള്‍ ഒരിക്കലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടേത് ചോരയും അവരുടേത് വെള്ളവും ആണെന്നാണോ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത് - പട്ടേല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."