വന്യജീവികള്‍ക്ക് കുടിവെള്ളമൊരുക്കി വനം വകുപ്പ്
മറയൂര്‍ (ഇടുക്കി): കടുത്ത വേനലില്‍ ദാഹജലത്തിനായി അലഞ്ഞു തിരിയുന്ന വന്യജീവികള്‍ക്ക് ടാങ്കുകളില്‍ ജലമെത്തിച്ചു നല്‍കുന്ന തമിഴ്‌നാട് വനം വകുപ്പിന്റെ പദ്ധതി വിജയമാകുന്നു. കാട്ടാനക്കൂട്ടമടക്കമുള്ള വന്യജീവികള്‍ ഈ സൗകര്യങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി വരുന്നതായി കണ്ടെത്തി. ഇതിനാല്‍ തുടര്‍ച്ചയായി ഈ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുകയാണ്.
കേരള അതിര്‍ത്തി വനമേഖലയായ അമരാവതി, ഉടുമലൈ റേഞ്ചുകളിലും നീലഗിരി മലകളിലും മേട്ടുപ്പാളയം മേഖലകളിലുമാണ് വെള്ളം ലോറികളിലെത്തിച്ച് ടാങ്കുകളില്‍ നിറക്കുന്ന പദ്ധതി നടപ്പിലാക്കിയത്. ഇവിടെയെല്ലാം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. 16 അംഗ ആനക്കൂട്ടം ഒരുമിച്ച് ഈ ടാങ്കുകളിലൊന്നില്‍ വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴാനാട് വനം വകുപ്പ് ഇന്നലെ പുറത്തുവിട്ടു. ഏപ്രില്‍ 30 നാണ് ഈ ആനക്കൂട്ടം വെള്ളം കുടിയ്ക്കാന്‍ എത്തിയത്. വെള്ളത്തില്‍ നീരാടുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളും ഉണ്ട്.
സമീപകാലത്ത് തമിഴ്‌നാട്ടിലെ വനമേഖലയില്‍ കൊമ്പനാനകള്‍ കൂടുതലായി ചരിഞ്ഞിരുന്നു. വംശവര്‍ധനയെ ഇത് ബാധിക്കുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ടായിരുന്നു.
എന്നാല്‍ കാമറ കണ്ണില്‍ പതിഞ്ഞ ചിത്രങ്ങളില്‍ കൊമ്പനാനകളുടെ നിറസാന്നിധ്യം തമിഴ്‌നാട് വനം വകുപ്പിന് ആശ്വാസമേകുന്നു. പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് പ്രകൃതി സ്‌നേഹികളും ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."