ഫിഷറീസ് ബിരുദധാരികളുടെ 'കാളാഞ്ചി' സ്റ്റാര്‍ട്ടപ്പ്; പിന്തുണയുമായി സിബ
കൊച്ചി: മത്സ്യകൃഷിയില്‍ പുത്തനുണര്‍വിന് വഴിയൊരുക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികള്‍. വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണന മൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുല്‍പാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സഹായത്തോടെയാണ് സംരംഭം. സ്റ്റാര്‍ട്ടപ്പ് രൂപത്തില്‍ സ്വകാര്യമേഖലയില്‍ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കര്‍ണാടക സ്വദേശികളായ മൂന്ന് ഫിഷറീസ് ബിരുദധാരികളാണ് കേരളത്തിലുള്‍പ്പെടെയുള്ള കാളാഞ്ചികൃഷിയുടെ ഗതിനിര്‍ണയിക്കുന്ന സ്റ്റാര്‍ട്ടപ്പിന് പിന്നിലുള്ളത്. കാളാഞ്ചിയുടെ കുഞ്ഞുങ്ങള്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ ആവശ്യക്കാരേറെയാണെങ്കിലും മതിയായ തോതില്‍ ആവശ്യമായ സമയത്ത് ഇവയുടെ ലഭ്യതയില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഹാച്ചറി നടത്തിപ്പിന് മികച്ച സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നതിനാല്‍ സ്വകാര്യമേഖലയിലുള്ളവര്‍ കാളാഞ്ചിയുടെ വിത്തുല്‍പാദനരംഗത്തേക്ക് കടന്നുവരാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി മുന്നോട്ടുവരുന്നത്.
സിബയുടെ കാളാഞ്ചി ഹാച്ചറിയിലേക്ക് പഠനകാലയളവില്‍ നടത്തിയ സന്ദര്‍ശനമാണ് വി.എസ് കാര്‍ത്തിക ഗൗഡ, കൗഷിക് എലൈക്, സച്ചിന്‍ വി.സാവന്‍ എന്നിവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പ്രചോദനമായത്. സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സിബ ഇവരെ സഹായിച്ചു.
രാജ്യത്തെ മത്സ്യകൃഷി മേഖലയില്‍ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്ന് സിബ ഡയറക്ടര്‍ ഡോ.കെ.കെ വിജയന്‍ പറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലും കളാഞ്ചി ഹാച്ചറികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സിബയുടെ സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഒരു കിലോ കാളാഞ്ചിക്ക് വിപണിയില്‍ 450 രൂപ മുതല്‍ 700 രൂപ വരെ വില ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."