അമിത ചാര്‍ജ് ഈടാക്കിയതായി പരാതി: ബസ് നാട്ടുകാര്‍ തടഞ്ഞു
കുന്നംകുളം: ഓര്‍ഡിനറി പെര്‍മിറ്റില്‍ സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസ് അമിത ചാര്‍ജീടാക്കിയതിനെ തുടര്‍ന്ന് പെരുമ്പിലാവില്‍ നാട്ടുകാര്‍ ബസ് തടഞ്ഞു. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ കേച്ചേരി മേലേതലക്കല്‍ സുനില്‍ദത്ത്. ഡ്രൈവര്‍ കൊണ്ടോട്ടി വെന്നിയൂര്‍ പുളിക്കല്‍വീ ട്ടില്‍ ജംഷീര്‍ എന്നിവര്‍ക്കെതിരേ കുന്നംകുളം പൊലിസ് കേസെടുത്തു.
രാവിലെ ഏഴോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കോഴിക്കോടിന് പോവുകയായിരുന്ന വിനായക ഓര്‍ഡിനറി ബസില്‍ പെരുമ്പിലാവിലേക്ക് കയറിയതായിരുന്നു കൊരട്ടിക്കര സ്വദേശി ഷരീഫ്. ബസില്‍ ലിമിറ്റഡ് സ്റ്റോപ്പെന്ന ബോര്‍ഡു പോലുമില്ലായിരുന്നു. എന്നാല്‍ ചങ്ങരംകുളം വരെയുള്ള സൂപ്പര്‍ഫാസ്റ്റ് ചാര്‍ജീടാക്കിയതോടെ ഇയാള്‍ ടിക്കറ്റ് ആവശ്യപ്പെട്ടു. നല്‍കിയ ടിക്കറ്റില്‍ ഓര്‍ഡിനറി എന്ന് കണ്ടതോടെ സൂപ്പര്‍ഫാസ്റ്റിന്റെ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് തിരിച്ചു വാങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് നല്‍കിയില്ല. ഇതോടെ തര്‍ക്കമായി. പിന്നീട് ബസ് പെരുമ്പിലാവിലെത്തിയപ്പോള്‍ തടയുകയായിരുന്നു.
മേഖലയില്‍ നിന്നും പ്രദേശവാസികള്‍ കൂടി എത്തി പെര്‍മിറ്റ് കാണിച്ച ശേഷം ബസെടുത്താല്‍ മതിയെന്ന നിലപാടെടുത്തതോടെ ജീവനക്കാര്‍ യാത്രക്കാരെ ഇറക്കി വിട്ട് ബസ് നിര്‍ത്തിയിട്ടു. ആളുകള്‍ സംസാരിക്കുന്നതിനിടയില്‍ ഇവരെ കബളിപ്പിച്ച് ജീവനക്കാര്‍ ബസുമായി കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിക്കോട് റോഡിലെ പഴയ ചന്തറോഡ് വഴി തിരിഞ്ഞ് പട്ടാമ്പി റോഡിലേക്ക് പ്രവേശിച്ച് കുന്നംകുളം ഭാഗത്തേക്ക് തിരിഞ്ഞ ബസ് നാട്ടുകാര്‍ ബൈക്കിലെത്തി തടഞ്ഞു. പിന്നീട് കുന്നംകുളം പൊലിസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വിനായക ബസ് സര്‍വിസിലെ ചില ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളൂ എന്നും ഇതിന്റെ മറവില്‍ കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തുന്നതായും പരാതിക്കാര്‍ പറയുന്നു. ഇന്നേ ദിവസം ഉച്ചയോടെ തൃശൂരില്‍ നിന്നും കയറിയ യാത്രക്കാരന് മറ്റൊരു ബസിന്റെ ടിക്കറ്റാണ് നല്‍കിയതെന്ന് പറയുന്നു. വെല്‍ഫയര്‍ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫിനാണ് ഇത്തരത്തില്‍ ടിക്കറ്റ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഇയാള്‍ പൊലിസില്‍ പാരതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."