തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദി പുറത്തേക്കെന്ന് രാഹുല്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദി പുറത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കാവല്ക്കാരന് കള്ളനെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല, തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം. എന്നാല്‍ അതിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ല. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തുകളഞ്ഞു. ന്യായപദ്ധതി സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണെന്നും' അദ്ദേഹം പറഞ്ഞു.
'സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. സൈന്യത്തിന് കാലങ്ങളായി നല്ല ട്രാക്ക് റെക്കോര്‍ഡ് ആണ്. അതില്‍ മോദിക്കെന്ത് കാര്യമെന്നും മസൂദ് അസറിനെ ആരാണ് പാകിസ്താനിലേക്ക് വിട്ടയച്ചതെന്നും' ചോദിച്ച രാഹുല്‍, ഭീകരവാദത്തെ മോദിയേക്കാള്‍ ശക്തമായി കോണ്‍ഗ്രസ് നേരിട്ടെന്നും യു.പി.എ കാലത്ത് നടന്ന മിന്നലാക്രമണങ്ങള്‍ വിഡിയോ ഗെയിമാണെന്ന് പരിഹസിക്കുമ്പോള്‍ മോദി പരിഹസിക്കുന്നത് കോണ്ഗ്രസിനെയല്ലെന്നും മറിച്ച് സൈന്യത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."