ആ നിയമസഭാ സമ്മേളനം കൊണ്ട് എന്തു പ്രയോജനം
ഒരു സാധാരണ നിയമസഭാസമ്മേളനത്തില്‍ നിന്നു നാം കാര്യമായ ഒരു നന്മയും പ്രതീക്ഷിക്കാറില്ല. പരസ്പരാരോപണങ്ങള്‍, അടിയന്തരപ്രമേയം, ഇറങ്ങിപ്പോക്ക്, കുത്തിയിരുപ്പ്, വാക്കേറ്റങ്ങള്‍, ചിലപ്പോള്‍ കായികമായ സംഘര്‍ഷങ്ങള്‍, അത്യപൂര്‍വമായി (കെ.എം മാണിക്കെതിരേ ഇടതുപക്ഷം നടത്തിയതു പോലുള്ള) ചില നശീകരണങ്ങള്‍... ഇതിലപ്പുറം ഒന്നുമുണ്ടാകാറില്ല.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക കേരളനിയമസഭ അത്ര തരംതാണതാകില്ലെന്നു സാധാരണക്കാര്‍ പോലും പ്രതീക്ഷിച്ചിരുന്നു. കേരളം കണ്ട ഏറ്റവും ഭീകരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരുംകാല കേരളം എങ്ങനെയാകണമെന്ന വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ ആ സമ്മേളനത്തില്‍ എന്തു നടന്നുവെന്നു നോക്കിയാല്‍ മതി. ഇവര്‍ക്കു നമ്മെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടും.
ദുരന്തത്തിലെ ജീവസുരക്ഷയ്ക്കായി കേരളം ഒന്നിച്ചു പ്രവര്‍ത്തിച്ചു. ആ ഐക്യം ഭാഗികമായെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലുമുണ്ടായി. (കക്ഷിരാഷ്ട്രീയ, ജാതി, മത അധികാരശക്തികളാണ് അതിനെ ഭാഗികമാക്കിയത്). എന്നാല്‍ ഇനി എങ്ങനെ മുന്നോട്ട് എന്ന ചോദ്യത്തിനു ശാസ്ത്രീയമായും മുന്‍കാലാനുഭവങ്ങളുടെ വെളിച്ചത്തിലും ഒരു മാര്‍ഗരേഖയുണ്ടാക്കാന്‍ ഈ സമ്മേളനത്തിനു കഴിഞ്ഞോ.
നിയമസഭ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണെന്നതിനാല്‍ കക്ഷിരാഷ്ട്രീയമൊഴിവാക്കാന്‍ കഴിയില്ല. ഇന്നത്തെ കക്ഷിരാഷ്ട്രീയം ജനങ്ങളുടെ യഥാര്‍ഥപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇത്തരം നിര്‍ണായകഘട്ടത്തിലെങ്കിലും നമുക്കു സ്വയം സത്യസന്ധരായിക്കൂടേ.
പ്രതിപക്ഷത്തു നിന്നു തുടങ്ങാം. പുതിയ കേരളം സൃഷ്ടിക്കാന്‍ ഒരുമിച്ചുനില്‍ക്കുമെന്ന് അവരും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഫലത്തില്‍ എന്താണുണ്ടായത്. എന്തുതരം പുതിയ കേരളമാണിവിടെ ഉണ്ടാകേണ്ടതെന്ന നിര്‍ദേശം പോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. അണക്കെട്ടു കൂട്ടത്തോടെ തുറന്നുവിട്ടതാണു ദുരന്തം ഇത്ര രൂക്ഷമാക്കിയതെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നു കരുതുന്നവര്‍ക്കു പോലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അവരുടെ കര്‍ക്കശനിലപാടു ദഹിച്ചില്ല. അവര്‍ അതില്‍ ഊന്നിയപ്പോള്‍ ഭരണപക്ഷം രക്ഷപ്പെടുകയായിരുന്നു.
അണക്കെട്ടുകളെന്ന സങ്കല്‍പ്പത്തിലെ അടിസ്ഥാനപ്പിഴവുകള്‍ അവര്‍ ഉന്നയിച്ചില്ലെന്നതില്‍ എനിക്കു പരാതിയില്ല. ഈ അണക്കെട്ടുകള്‍ ഈ സര്‍ക്കാരിന്റെ കാലത്തു നിര്‍മിച്ചവയല്ല. മുന്‍ ഭരണകാലങ്ങളിലും ഇവയുണ്ടായിരുന്നു. അന്നാണ് ഇതേ പോലെ അധികവര്‍ഷമുണ്ടായതെങ്കില്‍ അവര്‍ എങ്ങനെ ഈ അണക്കെട്ടുകളെ പ്രവര്‍ത്തിപ്പിക്കുമായിരുന്നുവെന്ന ചോദ്യമുണ്ട്. ഇതു കേവലം ഭാവനാത്മകമായ ചോദ്യമല്ല. ഇത്തരം സന്ദര്‍ഭത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതു സംബന്ധിച്ച ചട്ടങ്ങളോ തത്വങ്ങളോ ഇവിടെയില്ല. ഇനിയുള്ള കാലത്തെങ്കിലും അതുണ്ടാക്കേണ്ടതല്ലേ.
അതിനു തങ്ങള്‍ എന്തു നിര്‍ദേശം വയ്ക്കുന്നുവെന്ന രീതിയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഭരണപക്ഷം കുഴപ്പത്തിലായേനെ. കാരണം, അത്തരം ചട്ടങ്ങളുണ്ടാക്കാന്‍ അവര്‍ക്കാണ് ഇന്നു ബാധ്യത. ജുഡീഷ്യല്‍ അന്വേഷണത്തിനു പകരം വിദഗ്ധസമിതി അന്വേഷിച്ചു തുടര്‍നടപടി നിര്‍ദേശിക്കണമെന്നു പറയാമായിരുന്നില്ലേ. ഇക്കാലമത്രയും നടന്ന ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലും ഒരാളെയും ശിക്ഷിച്ചിട്ടില്ല. അതുകൊണ്ട് അത്തരം അന്വേഷണം പാഴാണ്. പകരം കൃത്യമായൊരു ചട്ടമുണ്ടാക്കല്‍ കേരളത്തിലെ മുഴുവന്‍ ജനത്തിനും താല്‍പ്പര്യമുള്ളതാണ്.
ദുരിതാശ്വാസം, നഷ്ടപരിഹാരം, പുനരധിവാസമെന്നിവയില്‍ സുതാര്യമായ ഫണ്ടു വിനിയോഗം, പക്ഷപാതിത്വമില്ലായ്മ തുടങ്ങിയവയ്ക്കായി പ്രതിപക്ഷം ശക്തമായ വാദമുയര്‍ത്തണമായിരുന്നു. കേവലം വിമര്‍ശനങ്ങള്‍ക്കപ്പുറം പൊതുസമൂഹത്തിനു കൂടി ബോധ്യമാകുന്ന തരത്തില്‍ ഈ സമയത്തെങ്കിലും ഇടപെടാന്‍ അവര്‍ക്കു കഴിയണമായിരുന്നു.
ഭരണപക്ഷത്തിന്റെ കാര്യം ഇതിലും കഷ്ടമാണ്. ചര്‍ച്ചകളില്‍ ആരൊക്കെ പങ്കെടുക്കണമെന്നു താത്വികകമായി തീരുമാനിക്കേണ്ടത് അതതു പാര്‍ട്ടികളാണെന്നു സമ്മതിക്കാം. ഇവിടെ സാങ്കേതികത്വത്തിനപ്പുറം പോകാന്‍ സി.പി.എമ്മിനു കഴിഞ്ഞില്ല. പ്രളയദുരന്തം ഏറ്റവും എറ്റുവാങ്ങേണ്ടി വന്ന ചെങ്ങന്നൂര്‍, റാന്നി, മാനന്തവാടി മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ വരാതിരുന്നതെന്തുകൊണ്ട്. സര്‍ക്കാരിനെതിരേ പ്രളയകാലത്തു സംസാരിച്ചെന്ന ഒരൊറ്റ കുഴപ്പം കൊണ്ടാണിതെന്നു പറയുന്നതില്‍ തെറ്റു കാണാനാവില്ല.
നമ്മള്‍ നാളേയ്ക്കുള്ള പദ്ധതികളെപ്പറ്റിയാണു സംസാരിക്കുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ പഴയ കേരളം പുനഃസൃഷ്ടിക്കാനല്ലല്ലോ വിഭവസമാഹരണം നടത്തുന്നത്. ഇതിനു വലിയതോതില്‍ പണം വേണം. സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും വേണം. ഇവയെല്ലാം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വരണം. ഇതൊക്കെ സമ്പാദിക്കാന്‍ നാം ശക്തമായി ഇടപെടണം, അതിനു തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കണം, ഇക്കാര്യത്തില്‍ സമവായമുണ്ടാകണം.
ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയുണ്ടാക്കാവുന്ന നയപരമായ പ്രശ്‌നങ്ങള്‍ ചെറുതല്ല. സ്വകാര്യ ഉദാരവല്‍ക്കരണങ്ങള്‍ക്കു അവര്‍ മുന്‍ഗണന നല്‍കുമ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയെ അതു കാര്യമായി ബാധിക്കാതെ നോക്കണം. ഇത്തരമൊരു കാര്യവും നിയമസഭയില്‍ ചര്‍ച്ചയാക്കിയില്ല ഇരുപക്ഷവും.
മറ്റൊരു പ്രധാനവിഷയം ഭാവി സംബന്ധിച്ച സമീപനമാണ്. നാളിതുവരെ നാം തുടര്‍ന്നു പോന്ന വികസന നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരേണ്ടതുണ്ടോ. ഇതിനെ കേവലം പരിസ്ഥിതിയെന്ന ഒന്നില്‍ ഒതുക്കാന്‍ കഴിയില്ല. നമ്മുടെ ജീവിതശൈലിയിലടക്കം മാറ്റം ആവശ്യമാണ്. ഇതു സര്‍ക്കാരിനു മാത്രം ചെയ്യാന്‍ കഴിയുന്നതല്ല. മാറ്റം വരണമെന്നുണ്ടെങ്കില്‍ നമുക്കു തെറ്റു സംഭവിച്ചിട്ടുണ്ടോയെന്ന ആത്മപരിശോധന വേണം. തിരുത്തലുകളുണ്ടാകണം.
ഇത്തരം ചര്‍ച്ചകള്‍ അവിടെ നടന്നിരുന്നോ. പൂര്‍ണമായും ഇല്ലെന്നു പറയാന്‍ കഴിയില്ല. ഒറ്റപ്പെട്ട ശബ്ദം കേട്ടു, മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാരകമ്മിഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദനില്‍ നിന്ന്. അദ്ദേഹം വ്യക്തമായി കുറേ കാര്യങ്ങള്‍ അക്കമിട്ടു നിരത്തി. പ്രകൃതിക്കുമേല്‍ നാം നേടുന്ന ഓരോ വിജയവും ആദ്യഘട്ടത്തില്‍ നേട്ടമായി തോന്നാമെങ്കിലും പിന്നീടു തിരിച്ചടിയാകുമെന്നു 135 വര്‍ഷം മുന്‍പു വ്യക്തമായി പറഞ്ഞ ഫ്രഡറിക് ഏംഗല്‍സ് എന്ന കമ്യൂണിസ്റ്റിന്റെ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്നു വി.എസ് പറഞ്ഞു.
ആ വാക്കുകള്‍ കേട്ടവരാരും പേരിനപ്പുറം ഏംഗല്‍സിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്നു വ്യക്തം. മുന്‍പെന്ന പോലെ ഇപ്പോഴും അതു വനരോദനമായി. ഈ നിയമസഭയില്‍ ആരുണ്ട് അതു കേള്‍ക്കാന്‍. തന്നെയുമല്ല പരോക്ഷമായി അദ്ദേഹത്തെ കടന്നാക്രമിച്ചുകൊണ്ടു ഭരണ, പ്രതിപക്ഷങ്ങളില്‍നിന്നു പലരും സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ശരീരഭാഷ തന്നെ അതിനോടുള്ള പുച്ഛം പ്രകടമാക്കുന്നതായിരുന്നു.
ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു പോലും നാണക്കേടാണ്. പിന്നെ സംസാരിച്ച മറ്റൊരു എം.എല്‍.എ പി.വി അന്‍വര്‍ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമാണ്. ഇങ്ങനെ തന്നെ വേണം ആ സമിതി. പാറമടകള്‍ ഉരുള്‍പൊട്ടലിനു കാരണമാകുമെന്ന കാഴ്ചപ്പാടിനെ നിശിതമായി എതിര്‍ക്കുന്ന ആ ജനപ്രതിനിധിയും ഇതേ പാര്‍ട്ടിക്കാരന്‍ തന്നെ!
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പറ്റി ഏറെ ചര്‍ച്ച നടത്തിയാണ്. ദുരന്തമുഖത്തു നില്‍ക്കുമ്പോള്‍ അതു മറന്നുപോകരുതെന്നു വി.എസ് ഓര്‍മിപ്പിക്കുന്നു. പശ്ചിമഘട്ടം കേരളത്തിന്റെ ജലഗോപുരമാണെന്നും അതിന്റെ സന്തുലനാവസ്ഥ ഇന്നാട്ടിലെ നദികള്‍, കുടിവെള്ളം, വൈദ്യുതി, കൃഷി, കയറ്റുമതി, ടുറിസം തുടങ്ങി ആയുര്‍വേദം വരെയുള്ള മേഖലകളുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും ഗാഡ്ഗില്‍ പറഞ്ഞതിനെ ഒരിക്കലും അംഗീകരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ക്കാകില്ല. ഇപ്പോള്‍ തെരുവിലെ സാധാരണമനുഷ്യര്‍ വരെ ഗാഡ്ഗിലിന്റെ പേരു പറയാന്‍ തുടങ്ങിയിരിക്കുന്നു.
അതിനെ മറികടക്കാനുള്ള തന്ത്രങ്ങളുമായി സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗത്തു വന്നുകഴിഞ്ഞു. മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു കര്‍ഷകര്‍ ഇവരുടെ കപടവാക്കുകള്‍ ഇനിയെത്ര കാലം വിശ്വസിക്കും. കാലാവസ്ഥാ മാറ്റമെന്ന വാക്കുപോലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍ ഇല്ലായിരുന്നുവെന്ന് ഓര്‍ക്കുക. വരുംകാലത്തു വികസനം എന്തെന്നു നിശ്ചയിക്കുക കാലാവസ്ഥയാണെന്ന സത്യം ഇവര്‍ മറന്നോ.
അസഹിഷ്ണുതയ്ക്കു രണ്ടാഴ്ചത്തേയ്ക്കു കൊടുത്ത അവധി അവസാനിക്കുന്നുവെന്ന മട്ടിലാണു മുഖ്യമന്ത്രി പെരുമാറിയത്. സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എമാരോടുള്ള പെരുമാറ്റം പോലും ഇതിനുള്ള ഉദാഹരണമാണ്. തന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരേ നില്‍ക്കുന്നവരെല്ലാം പുനരധിവാസത്തിനെതിരാണെന്നും ജനവിരുദ്ധരാണെന്നുമുള്ള നിലപാടു ശരിയാണോ. നിങ്ങള്‍ പണം തന്നാല്‍ മതി, അതെങ്ങനെ ചെലവാക്കണമെന്നു ഞങ്ങള്‍ക്കറിയാം, കാര്യമായ ഉപദേശമൊന്നും വേണ്ട എന്നു സൈബര്‍ അനുയായികളെക്കൊണ്ടു നിരന്തരം പറയിക്കുന്ന അദ്ദേഹം ഇപ്പോള്‍ സ്വയം അതു പറയാന്‍ തുടങ്ങുകയാണ്.
ഇതുവരെ കാണിച്ച മാന്യത അടവാണെന്നുപോലും തോന്നുമട്ടിലാണു മുഖ്യമന്ത്രിയിലെ മാറ്റം. ഇതു ഫാസിസത്തിന്റെ ലക്ഷണമാണ്. മോദിയും സ്വയം വര്‍ഗീയത പറയാറില്ല. പശുവിന്റെ പേരില്‍ നടന്ന ഒരാക്രമണവും ന്യായീകരിക്കാറില്ല. ചിലപ്പോഴെങ്കിലും അതു ശരിയല്ലെന്നു പറയാറുണ്ട്. പക്ഷേ അതുകൊണ്ടു മോദി ജനാധിപത്യവാദിയാണെന്ന് ആരും പറയില്ല.
ഇനി വേണ്ടതു തുറന്ന ചര്‍ച്ചകളാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിര്‍ദേശം ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കുക. താല്‍ക്കാലിക ലക്ഷ്യങ്ങള്‍ക്കപ്പുറം വരുംകാല കേരളത്തിനായി എല്ലാ വൈവിധ്യങ്ങളെയും ക്ഷമയോടെ കാണാനുള്ള ശ്രമമാണു വേണ്ടത്. അതിനു തയാറാകാന്‍ മുഖ്യമന്ത്രിയോടും ഭരണപ്രതിപക്ഷ നേതാക്കളോടും അഭ്യര്‍ഥിക്കുന്നു. നിയമസഭ നിരാശപ്പെടുത്തിയതിനാലാണ് ഇങ്ങനെ എഴുതേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."