എസ്.എഫ്. ഐ ഭീഷണിയെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമമെന്ന്: മന്ത്രി റിപ്പോര്‍ട്ടു തേടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ടു തേടി. വെള്ളിയാഴ്ചയാണ് ഒന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.
എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പിലുള്ളത്.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ സംഭവത്തെ എസ്.എഫ്.ഐ നേതൃത്വം നിഷേധിച്ചു.
രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയതായി പൊലീസ് അറിയിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല് തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.
പ്രിന്‍സിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എന്നാല്‍ പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്. കോളേജില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."