വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് ആന്റണി കോയിക്കര
പാലക്കാട് : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് ആന്റണി വിഭാഗം നേതാവും സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ആന്റണി കോയിക്കര. വാര്‍ഡ് തലത്തില്‍ 50 അംഗങ്ങളെങ്കിലും ഉള്ള പ്രദേശങ്ങളിലാണ് സംഘടനയുടെ പിന്തുണയോടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാവുക. ഇവര്‍ക്ക് സംഘടനയുടെ പിന്തുണ ലഭിക്കണമെങ്കില്‍ മുദ്രപത്രത്തില്‍ സംഘടനാ ചട്ടങ്ങള്‍ പാലിക്കുമെന്ന് കരാര്‍ എഴുതിത്തരണമെന്നും ആന്റണി കോയിക്കര സുപ്രഭാതത്തോട് പറഞ്ഞു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിനെ തകര്‍ക്കാന്‍ സംഘടനയുടെ പേരുപറഞ്ഞ് നടക്കുന്ന നേതാക്കള്‍ തന്നെയാണ് ശ്രമിക്കുന്നതെന്നും സുപ്രഭാതത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഭാഗികമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരുമാന മാര്‍ഗത്തിനും കാലങ്ങളോളം സ്ഥാനം ഉറപ്പിക്കാനുമാണ് സംഘടനയെ തകര്‍ക്കുന്ന രീതിയില്‍ ഗ്രൂപ്പുകളിയും പുറത്താക്കലും പിടിച്ചടക്കലുമൊക്കെയായി ചിലര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം നേതാക്കളെ തിരിച്ചറിഞ്ഞ് യാഥാര്‍ഥ നേതൃത്വത്തിനു കീഴില്‍ പൊതുജനം അണിനിരക്കും. നിലവില്‍ സംഘടന മൂന്നുവിഭാഗമായി ചിതറിയതിനു പിന്നില്‍ ഏതാനും നേതാക്കളടങ്ങുന്ന കോക്കസ് ആണ്. അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് സുപ്രഭാതം വാര്‍ത്തകളോട് ഭീഷണി രൂപത്തില്‍ പ്രതികരിച്ചത്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന അംഗങ്ങളും ജനാധിപത്യബോധവും സംസ്‌കാരവും ഉള്ളവരാണ്. അവരിലൂടെയാണ് നാളെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ശക്തിപ്രാപിക്കുകയെന്നും ആന്റണി വിശദീകരിച്ചു. അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രഭാതം പ്രസിദ്ധീകരിച്ച വിവരങ്ങളെ കുറിച്ച് വിനോദ് ജോസ് വിഭാഗം സംഘടനയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. ഫോണില്‍ പ്രതിഷേധമറിയിച്ചതല്ലാതെ കാര്യങ്ങള്‍ വിശദമാക്കി പ്രസ്താവന നല്‍കാന്‍ അവര്‍ തയാറായില്ല. സംഘടനയെ തകര്‍ക്കാന്‍ ഇടതുവലതുമുന്നണികളും സര്‍ക്കാര്‍ സര്‍വിസ് സംഘടനകളും ഒറ്റക്കെട്ടായി മാധ്യമങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന് വിനോദ് ജോസ് വിഭാഗം കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം ബെന്നി സുപ്രഭാതത്തോട് പറഞ്ഞു. സംഘടനയെക്കുറിച്ച് സുപ്രഭാതത്തില്‍ വാര്‍ത്ത വന്നതിനെതിരേ തങ്ങളുടെ പേരുപറഞ്ഞ് പ്രവര്‍ത്തകര്‍ ഫോണില്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതിനും ഭീഷണിപ്പെടുത്തിയതിലും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."