നാളെ 'നീറ്റ്' പരീക്ഷ എഴുതുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ വായിക്കാതെ പോവരുത്
തിരുവനന്തപുരം: ദേശീയതലത്തില്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റ് നാളെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. 15 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് നാളെ പരീക്ഷയെഴുതാന്‍ പോവുന്നത്. കേരളത്തില്‍ 12 പരീക്ഷാകേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം വിദ്യാര്‍ഥികളും എഴുതുന്നുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ വൈകീട്ട് അഞ്ചുമണിവരെ നീളുന്ന മൂന്നുമണിക്കൂര്‍ നേരമാണ് പരീക്ഷ. കഴിഞ്ഞ പരീക്ഷകളിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വന്‍ പരിശോധനയും മാര്‍ഗനിര്‍ദേശങ്ങളുമാണ് നീറ്റ് പരീക്ഷാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഹാളില്‍ എത്തണം. 12 മണിക്ക് തന്നെ പരീക്ഷാ ഹാള്‍ തുറക്കും. 1.30ന് കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചിടും. വിദ്യാര്‍ഥികളും രക്ഷിതാക്കളും നീറ്റ് പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍.ടി.എ) നിര്‍ദേശങ്ങള്‍ വിശദമായി മനസ്സിലാക്കുക. അവസാന നിമിഷത്തെ ആശയക്കുഴപ്പം ഇല്ലാതാക്കാനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങുക.
ആദ്യം ചെയ്യേണ്ടത്.
പരീക്ഷയ്ക്ക് പോകുന്നതിന് മുന്‍പായി ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് പ്രിന്റ് എടുത്തു സൂക്ഷിക്കുക. പരീക്ഷാകേന്ദ്രത്തിലേക്കു പോവുമ്പോള്‍ കാര്‍ഡിന്റെ കൂടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പെന്‍ ഹാളില്‍ നിന്ന് ലഭിക്കുന്നതാണ്.
ഡ്രസ് കോഡ് (പെണ്‍കുട്ടികള്‍)
ഡ്രസ്സുകള്‍ ഇളംനിറത്തിലുള്ളതാവണം. കൈ മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല. ഷൂവും ഹൈ ഹീല്‍ ചെരിപ്പുകളും അനുവദിക്കില്ല. സ്ലിപ്പറോ വള്ളിചെരിപ്പുകളോ ഹീലുകളില്ലാത്ത മറ്റു ചെരിപ്പുകളോ ധരിക്കാം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കണ്ണടയോ ലെന്‍സോ ധരിക്കാം. സണ്‍ഗ്ലാസ് ധരിക്കരുത്.
ചിത്രത്തുന്നലുകളുള്ളതോ പൂക്കളുള്ളതോ ആയ വസ്ത്രങ്ങളും വലിയ ബട്ടണുകളും പാടില്ല. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. തലമറച്ചതിനു പുറമെ മുന്‍ഭാഗത്തേക്ക് ഇറക്കിയിടുന്ന ഷാള്‍, ദുപ്പട്ട എന്നിവ അനുവദിക്കില്ല. സാരിയും അനുവദിക്കില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിശ്വാസപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാം. എന്നാല്‍ മതിയായ പരിശോധനയ്ക്കായി ഇവര്‍ 12.30ന്ു മുന്‍പ് തന്നെ എത്തണം. ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. കമ്മല്‍, മോതിരം, ചെയിന്‍, മൂക്കുത്തി, കൈ ചെയിന്‍ ഒന്നും അനുവദനീയമല്ല. ഹെയര്‍ക്ലിപ്പ്, ഡിസൈനര്‍ വസ്തുക്കള്‍ എന്നിവ മുടിയില്‍ അനുവദിക്കില്ല, റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് മുടി കെട്ടാം.
ഡ്രസ് കോഡ് (ആണ്‍കുട്ടികള്‍)
ഇളം നിറത്തിലുള്ളവയായിരിക്കണം വസ്ത്രം. ടീ ഷര്‍ട്ടാണ് ധരിക്കുന്നതെങ്കില്‍ ഫുള്‍സഌവ് പാടില്ല. ഷര്‍ട്ടിലായാലും ജീന്‍സിലായാലും അനാവശ്യ സിബ്ബുകളോ കൂടുതല്‍ പോക്കറ്റുകളോ വലിയ ബട്ടണുകളോ മറ്റ് തരത്തിലുള്ള വര്‍ക്കുകളോ പാടില്ല. കുര്‍ത്ത, പൈജാമ എന്നിവ അനുവദിക്കില്ല. ഷൂ ധരിക്കാന്‍ പാടില്ല. പകരം സ്ലിപ്പറോ വള്ളിച്ചെരിപ്പുകളോ ധരിക്കാം. വാച്ച്, കൈ ചെയിന്‍, തൊപ്പി, ബെല്‍റ്റ് എന്നിവ അനുവദിക്കില്ല.
ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കണ്ണട, അല്ലെങ്കില്‍ ലെന്‍സ് ഉപയോഗിക്കാം.
ഹാളില്‍ നിരോധനമുള്ള വസ്തുക്കള്‍:
മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് സംവിധാനമുള്ള വസ്തുക്കള്‍, ഇയര്‍ ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, മൈക്രോചിപ്പ്, വോലറ്റ്, ഹാന്‍ഡ് ബാഗ്, ക്യാമറ, ഭക്ഷണ പദാര്‍ഥങ്ങള്‍. കടലാസ് ഷീറ്റ്, ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, കാല്‍ക്കുലേറ്റര്‍, പെന്‍, സ്‌കെയില്‍, റൈറ്റിങ് പാഡ്, എറേസര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പെന്‍, സ്‌കാനര്‍ എന്നിവയും പാടില്ല.
മറക്കരുത്
ഡയബറ്റിക് ഉള്ള വിദ്യാര്‍ഥികള്‍ക്ക് നേന്ത്രപ്പഴം പോലുള്ളവയും സുതാര്യമായ ബോട്ടിലില്‍ വെള്ളവും കൊണ്ടുവരാവുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ കുറിപ്പ് കൈയില്‍ കരുതേണ്ടിവരും. എന്നാല്‍, ചോക്കലേറ്റ് പോലുള്ള പാക്ക്ഡ് ഭക്ഷണം അനുവദനീയമല്ല.
പരീക്ഷ കഴിഞ്ഞതിനു ശേഷമേ വിദ്യാര്‍ഥികള്‍ക്ക് ഹാളില്‍ നിന്നു പുറത്തുവരാന്‍ കഴിയൂ. നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികളെ ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് പൂര്‍ണ്ണമായി വിലക്കുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."