റെയ്ഡ് നടത്താം, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം; പുതിയ സുരക്ഷാ സേനയുമായി യോഗി സര്‍ക്കാര്‍
ലഖ്‌നോ: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) സമാനമായി സുരക്ഷാ രൂപീകരിച്ച് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. റെയ്ഡ് നടത്താനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അധികതാരമുള്ള ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് (യു.പി.എസ്.എസ്.എഫ്) ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.കോടതികള്‍, വിമാനത്താവളങ്ങള്‍, മെട്രോ, ബാങ്കുകള്‍, ഭരണകാര്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക് സംരക്ഷണം നല്‍കുന്നതിനാണ് യു.പി.എസ്.എസ്.എഫ് രൂപീകരിച്ചിരിച്ചതെന്നാണ് പറയുന്നത്.
1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട് ബറ്റാലിയന്‍ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു.
മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.പി.എസ്.എസ്.എഫിനുണ്ട്. ഏതെങ്കിലും തരത്തില്‍ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു വെച്ച് ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സി.ഐ.എസ്.എഫ് ആക്റ്റിന്റെ സെഷനുകള്‍ പ്രത്യേക സേനക്കും ബാധകമാകും. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
യു.പി പൊലിസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവര്‍ത്തിക്കുക. യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയാണ് യു.പി പ്രത്യേക സുരക്ഷാ സേനയെന്നും അവനിഷ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, യു.പി.എസ്.എസ്.എഫിന്റെ അധികാരങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സി.ഐ.എസ്.എഫിന് സമാനമായ അധികാരങ്ങളാണ് പ്രത്യേക സേനക്കുണ്ടാവുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അടിവരയിടുന്നത്.
അതിനിടെ സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. വാറണ്ടില്ലാതെ അറസ്റ്റിനും തെരച്ചിലിനുമുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത് സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കപ്പെടാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."