കോഴിക്കോടും കണ്ണൂരും ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹജ്ജ് യാത്രയ്ക്കുള്ള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് സിവില്‍-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസമുള്ളതുകൊണ്ടാണ് ഹജ്ജ് കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാല്‍ കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഈയിടെ സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്.
കണ്ണൂര്‍ വിമാനത്താവളം വാണിജ്യ സര്‍വിസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിനെ കൂടി എംപാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്കും കര്‍ണാടകത്തിലെ മംഗലാപുരം, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും കണ്ണൂര്‍ വിമാനത്താവളമാണ് സൗകര്യമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."