ഒതായി മനാഫ് വധക്കേസ്: സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹരജി
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയലക്ഷ്യ ഹരജി.
ഹൈക്കോടതി ഉത്തരവ് ഒന്‍പത് മാസമായി നടപ്പാക്കാത്തതിനെ തുടര്‍ന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖാണ് ഹരജി സമര്‍പ്പിച്ചത്. കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2019 മെയ് 20 ന് ഉത്തരവിട്ടിരുന്നു. ഇരുപത് വര്‍ഷമായി വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്ന് ശുപാര്‍ശയും ചെയ്തു.
എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം തള്ളിയത്. മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും കൂട്ടുപ്രതികളെ വെറുതെവിട്ട കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതല്‍ ധൂര്‍ത്തടിക്കലാകുമെന്നുമായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതോടെയാണ് മനാഫിന്റെ സഹോദരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പകല്‍ 11 ഓടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."