പ്ലസ്‌വണ്‍ അലോട്ട്‌മെന്റ്; സര്‍വര്‍ തകരാര്‍: അഡ്മിഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ പാടുപെട്ട് വിദ്യാര്‍ഥികള്‍
കൊല്ലം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിനായി അഡ്മിഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാനെത്തിയ വിദ്യാര്‍ഥികള്‍ സര്‍വര്‍ തകരാറിനെ തുടര്‍ന്ന് നട്ടം തിരിഞ്ഞു.
അലോട്ട്‌മെന്റ് റിസള്‍ട്ട് വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം വന്നിരുന്നെങ്കിലും അഡ്മിഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഞായറാഴ്ചയും സാധിച്ചില്ല. കഴിഞ്ഞ തവണ ഒന്നു മുതല്‍ മൂന്നു ദിവസം വരെ സാവകാശം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഓരോരുത്തര്‍ക്കും നിശ്ചിത സമയം നല്‍കിയിരുന്നതോടെ പലര്‍ക്കും ഇതുമൂലം സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും രാവിലെ മുതല്‍ ഏറെ തിരക്കനുഭവപ്പെട്ടതോടെ അഡ്മിഷന്‍ ലഭിക്കുമോയെന്ന ആശങ്കയായിരുന്നു വിദ്യാര്‍ഥികള്‍ക്ക്.കൊവിഡ് സാഹചര്യത്തില്‍ നിശ്ചിത സമയത്തു തന്നെ അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അവസരം നഷ്ടപ്പെടുമെന്ന ഭീതിയിലായിരുന്നു വിദ്യാര്‍ഥികളില്‍ പലരും.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 3,61,746 പ്ലസ് വണ്‍ സീറ്റുകളുണ്ട്. ഇതില്‍ 1,41,050 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണുള്ളത്. 1,65,100 സീറ്റ് എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളത് 55,596 സീറ്റുകളാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളുമാണ്.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ 20 ശതമാനം വരെ ആനുപാതിക സീറ്റ് വര്‍ധന അനുവദിച്ചിരുന്നു.
ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അലോട്ട്‌മെന്റ് ഘട്ടത്തില്‍ മാത്രമെ തീരുമാനമുണ്ടാകൂ.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ എസ്.എസ്.എല്‍.സി ജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തുടങ്ങിയ ജില്ലകളില്‍ എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം പ്ലസ് വണ്‍ സീറ്റുകളെക്കാള്‍ കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."