ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നത്; പഠന റിപോര്‍ട്ടുമായി യു.ഡി.എഫ്
തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതാണെന്ന് യു.ഡി.എഫ് പഠന റിപ്പോര്‍ട്ട്.
ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം,മതേതരത്വം,സോഷ്യലിസം എന്നിവയെ മനഃപൂര്‍വം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വി.ഡി സതീശന് എം.എല്‍.എ കണ്‍വീനറും എം.ഉമ്മര്‍ എം.എല്‍.എ, സി.പി.ജോണ്‍, ജി. ദേവരാജന്‍, മോന്‍സ് ജോസഫ് എം.എല്‍. എ, ബാബുദിവാകരന് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് ഇന്നലെ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. രാജ്യത്ത് 34 വര്‍ഷത്തിനു ശേഷം പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കാനുള്ള തീരുമാനത്തെ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുണ്ട്.
എന്നാല്‍ സുപ്രധാനമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയോ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പുതിയ സാമ്പത്തിക ബാധ്യതകള്‍ സംസ്ഥാനങ്ങള്‍ക്കു മീതെ അടിച്ചേല്‍പ്പിക്കുകയുമാണ്. മാതൃഭാഷ നിര്‍ബന്ധമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മറ്റു ഭാഷകളില്‍ നിയന്ത്രണം ഏര്പ്പെടുപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ല. വിദേശ ഭാഷകളില്‍ ജര്‍മനും ഫ്രഞ്ചും ഇടം നേടിയപ്പോള്‍ തൊഴില്‍ സാധ്യത നല്കുന്ന അറബി ഭാഷ ഒഴിവാക്കിയത് ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."