ഉപതെരഞ്ഞെടുപ്പിന് ഇനി അഞ്ചുനാള്‍; പ്രചരണചൂടില്‍ ഉദുമ ഡിവിഷന്‍
ഉദുമ: ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് അഞ്ചുനാള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥികളുടെ പ്രചരണച്ചൂടിനു ശക്തി പ്രാപിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പ്രചരണത്തിനായി കിട്ടിയതെന്നതിനാല്‍ എല്ലായിടത്തുമെത്തിപ്പെടാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അനിശ്ചിതത്വമാണ് പ്രചരണം വൈകാനിടയാക്കിയത്. ഓരോ പ്രദേശത്തെയും വോട്ടുകള്‍ പാഴാക്കാതിരിക്കാനായി വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണവും സജീവമായിട്ടുണ്ട്. ഉദുമ, ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകളിലെ 36 വാര്‍ഡുകളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭിന്നതകളൊക്കെ മറന്ന് അവസാന നിമിഷം നേതാക്കളെല്ലാം ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രചാരണ രംഗത്തും യു.ഡി.എഫ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ആറായിരത്തിലേറെ വോട്ടിനു യു.ഡി.എഫിലെ പാദൂര്‍ കുഞ്ഞാമു ഹാജി വിജയിച്ച മണ്ഡലമാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.എം ഷാനവാസിന്റെ വിജയത്തിനായി ഒറ്റക്കെട്ടായാണു ഘടക കക്ഷികള്‍ പ്രചാരണ രംഗത്തുള്ളത്. പള്ളിക്കര പഞ്ചായത്തിലായിരുന്നു ഇന്നലെ ഷാനവാസിന്റെ പര്യടനം. ഉച്ചക്ക് രണ്ടിനു ചേറ്റുകുണ്ടില്‍ നിന്നു തുടങ്ങിയ പര്യടനം മികച്ച ജനപിന്തുണയോടു കൂടിയാണു ബേക്കലില്‍ സമാപിച്ചത്.
ഇന്നു ചെമ്മനാട് ഉദുമ പഞ്ചായത്തുകളിലാണു പ്രചരണം നടക്കുക. ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിലുണ്ടായ വിഭാഗീയതയില്‍ നേട്ടം കൊയ്യാനുള്ള എല്‍.ഡി.എഫിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയായെങ്കിലും പ്രചരണ രംഗത്ത് എല്‍.ഡി.എഫ് ഒട്ടും പിറകിലല്ല.
ഇന്നലെ പാലക്കുന്നില്‍ നടന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ പ്രചരണ യോഗത്തില്‍ പ്രസംഗിക്കാന്‍ സി.പി.എം നേതാവ് ടി.കെ ഹംസ എത്തിയത് അണികളില്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്ന എന്‍ ബാബുരാജും പ്രചരണ രംഗത്ത് സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."