മര്‍ദിതനായി സങ്കല്‍പിക്കുക; മര്‍ദകനാവാന്‍ കഴിയില്ല
മകളെ ജീവനു തുല്യം സ്‌നേഹിക്കുമെങ്കിലും ഭാര്യയോടു പരുഷമായല്ലാതെ അയാള്‍ പെരുമാറുകയില്ല. സങ്കടം സഹിക്കവയ്യാതെ ഒരിക്കല്‍ ഭാര്യ അദ്ദേഹത്തോട് ചോദിച്ചു: ''ഈ പൊന്നുമോളോട് നാളെ അവളുടെ ഭര്‍ത്താവ് ക്രൂരമായി പെരുമാറിയാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും..?''
ഭര്‍ത്താവ് പറഞ്ഞു: ''ഞാനവനെ കൊന്നുമൂടും.''
''അങ്ങനെയെങ്കില്‍, എന്നെ അതിരറ്റു സ്‌നേഹിക്കുന്ന ഒരു മനുഷ്യന്റെ ഏക മകളല്ലേ ഞാനും. എനിക്കു നേരെ നിങ്ങള്‍ നിരന്തരം സ്വീകരിക്കാറുള്ള പരുഷസമീപനം എന്റെ പിതാവിനെ എത്രമേല്‍ സങ്കടത്തിലാക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ..?''
ഭാര്യയുടെ പരപുരുഷബന്ധം കുറ്റകരമല്ലെന്നതാണല്ലോ പുതിയ വിധിപ്രസ്താവം. തന്റെ ഭാര്യ മറ്റൊരാളുമായി കിടക്കപങ്കിടുന്നതില്‍ തനിക്കു യാതൊരു കുഴപ്പവും തോന്നില്ല എന്നു പ്രഖ്യാപിക്കാന്‍ ആ വിധികര്‍ത്താക്കള്‍ക്കു ധൈര്യം വരുമോ ആവോ..? ന്യായങ്ങള്‍ പലതും നിരത്തി മദ്യപാനത്തിന് കൈയ്യും കണക്കുമില്ലാതെ ലൈസന്‍സ് നല്‍കുന്ന അധികാരികളുണ്ടല്ലോ.. തങ്ങളുടെ മക്കള്‍ മദ്യപിച്ച് മദോന്മത്തരായി രാത്രി വീട്ടിലേക്കു കയറിവരുന്നതില്‍ യാതൊരു പ്രശ്‌നവും തോന്നാറില്ലെന്നു പറയാന്‍ അവര്‍ക്കാകുമോ ആവോ..? തങ്ങളുടെ ആരാധ്യവസ്തുവായൊരു ജീവിയെ വധിച്ചതിന്റെ പേരിലാണല്ലോ കണ്ണില്‍ ചോരയില്ലാത്ത ചില കാപാലികന്മാര്‍ പാവപ്പെട്ട മനുഷ്യരെ തല്ലിക്കൊല്ലുന്നത്. ആ വധം നടത്തുന്നത് തങ്ങളുടെ സ്വന്തം മക്കളാണെങ്കില്‍പോലും ഞങ്ങളീ നടപടിക്ക് തയാറാണെന്നു പ്രഖ്യാപിക്കാന്‍ അവര്‍ക്കാകുമോ ആവോ..?
അപരനോട് കാണിക്കുന്ന അനീതിയുടെ ഗൗരവം ബോധ്യമാകണമെങ്കില്‍ ആ അനീതി തനിക്കു നേരെയാകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ ആലോചിച്ചാല്‍ മതി. അന്യന്റെ ഭാര്യയുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടാന്‍ തോന്നുമ്പോള്‍ സ്വന്തം മാതാവിനെയും ഭാര്യയെയും സഹോദരിയെയും മകളെയും ഓര്‍ക്കുക. അവരെ മറ്റാരെങ്കിലും കയറിപ്പിടിക്കുന്ന രംഗം എത്രമേല്‍ വേദനാജനകവും അനിഷ്ടകരവുമായിരിക്കും..! അതേ മാനസികാവസ്ഥ അവളുടെ ബന്ധുക്കള്‍ക്കുമുണ്ടാകുമെന്ന് ചിന്തിക്കുക. അന്യന്റെ സ്വത്തില്‍ കൈവയ്ക്കുമ്പോള്‍ തന്റെ സ്വത്തില്‍ മറ്റൊരാള്‍ കൈവച്ചാലുണ്ടാകുന്ന വിഷമം മനസിലേക്കുകൊണ്ടുവരിക.
തങ്ങളുടെ മതമാണു സത്യമെന്നും അന്യമതങ്ങള്‍ മുഴുവന്‍ തള്ളപ്പെടേണ്ടതും അസംബന്ധനിര്‍ഭരവുമാണെന്നും പൊതുജനമധ്യേ മൈക്കുകെട്ടി പ്രസംഗിക്കുന്നവരുണ്ടല്ലോ.. അതു വലിയ പ്രബോധനപ്രവര്‍ത്തനമായി ആഘോഷിക്കുന്ന അനുയായികളുമുണ്ട്. വാദങ്ങള്‍ മുഴുവന്‍ നമുക്ക് അംഗീകരിക്കാം. പക്ഷെ, അന്യമതക്കാരന്‍ തങ്ങളുടെ മതത്തെയും അതേനാണയത്തില്‍ വാഗ്ശരങ്ങള്‍കൊണ്ട് അക്രമിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥ...? അതില്‍ സംതൃപ്തി തോന്നുമോ ഇല്ലെയോ..? എന്റെ മതത്തെ മറ്റൊരാള്‍ ആക്ഷേപിക്കുന്നത് എനിക്കിഷ്ടമില്ലെങ്കില്‍ മറ്റു മതക്കാരനും അവന്റെ മതം ആക്ഷേപിക്കപ്പെടുന്നത് ഇഷ്ടമുണ്ടാകില്ലെന്നറിയണം. അവിടെ പ്രബോധനമല്ല, പ്രകോപനമാണ് ഉണ്ടായിത്തീരുക.
ആരാന്റെ ഉമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കണ്ടു രസിക്കാന്‍ നല്ല സുഖമാണ്. പക്ഷെ, ആരാന് അതു പൊള്ളുന്ന വേദനയായിരിക്കുമെന്നോര്‍ക്കണം. പഠനത്തില്‍ പിന്നോക്കം പോയതിന്റെ പേരില്‍ കുട്ടിയെ അടിച്ചവശനാക്കുമ്പോള്‍ ആലോചിക്കുക; അവനൊരു പിതാവിന്റെ പ്രിയപ്പെട്ട മകനാണ്. തന്റെ മകനെയും വേറൊരാള്‍ അതുപോലെ അടിച്ചവശനാക്കിയാല്‍ എന്തായിരിക്കും തനിക്കുണ്ടാകുന്ന മനോവിഷമം എന്നാലോചിച്ചാല്‍ കൈ പൊങ്ങില്ല.
തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ആരും പൂര്‍ണ സത്യവിശ്വാസിയാകില്ലെന്നാണ് മതപാഠം. ഈ പാഠത്തിനൊരു മറുപുറമുണ്ട്. തനിക്കിഷ്ടമില്ലാത്തത് തന്റെ സഹോദരനും ഇഷ്ടപ്പെടാതിരിക്കുക. താന്‍ വെറുക്കുന്നത് തന്റെ സഹോദരനും വെറുക്കുക.
എന്തു പ്രവര്‍ത്തിക്കുമ്പോഴും ആ പ്രവര്‍ത്തി തനിക്കു നേരെയാണെങ്കില്‍ തൃപ്തിവരുമോ എന്നാലോചിച്ചാല്‍ മതി. ജോലി ചെയ്യുമ്പോള്‍ താനെടുക്കുന്ന ഈ ജോലി തനിക്കുവേണ്ടി മറ്റൊരാള്‍ ചെയ്യുകയാണെങ്കില്‍ തനിക്കു തൃപ്തിയാകുമോ എന്നു ചിന്തിക്കുക. പണം മാത്രം ലക്ഷ്യമാക്കി വേഗം പരിപാടി തീര്‍ക്കുന്നവരാണെങ്കില്‍ അതേ നടപടി മറ്റൊരാള്‍ തങ്ങളുടെ കാര്യത്തിലും സ്വീകരിച്ചാല്‍ എങ്ങനെയുണ്ടാകും എന്നു ആലോചിക്കുക.
തന്റെ മക്കള്‍ക്കു കിട്ടുന്ന അധ്യാപകന്‍ മികവും തികവുമുള്ള ആളായിരിക്കണമെന്നു നിങ്ങള്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ആ നിര്‍ബന്ധം നിങ്ങള്‍ക്കു മുന്നിലെത്തുന്ന ശിഷ്യന്മാരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടായിരിക്കുമെന്നോര്‍ക്കണം. സ്വന്തം മകള്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടണമെന്നാണ് ആഗ്രഹമെങ്കില്‍ അതേ ആഗ്രഹം നിങ്ങളുടെ ഭാര്യാപിതാവിനും ഉണ്ടായിരിക്കുമെന്നാലോചിക്കുക. തനിക്കു കിട്ടുന്ന ഭാര്യ ഉത്തമയായിരിക്കണമെന്നാണ് മോഹമെങ്കില്‍ തനിക്കു കിട്ടുന്ന ഭര്‍ത്താവ് ഉത്തമനായിരിക്കണമെന്ന മോഹം ആ ഭാര്യയ്ക്കും കാണുമെന്നറിയണം. ജോലിക്കു വിളിച്ച തൊഴിലാളികള്‍ ജോലിക്കിടെ മൊബൈലില്‍ സമയം തീര്‍ക്കുന്നത് നമുക്ക് ആരോചകമാണെങ്കില്‍ ജോലിസ്ഥലത്ത് നമ്മളും അതേ സ്വഭാവം കാണിക്കുന്നത് അരോചകമായി തോന്നുന്ന അധികൃതരുണ്ടെന്നു മനസിലാക്കുക. മായം കലര്‍ന്ന ഭക്ഷണം കിട്ടുന്നത് ഇഷ്ടമില്ലെങ്കില്‍ ആ അനിഷ്ടം മറ്റുള്ളവര്‍ക്കും കാണുമെന്ന് പചകക്കാരനും മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."