മന്ത്രി ജയരാജന്റെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
മട്ടന്നൂര്‍ (കണ്ണൂര്‍): ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയില്‍ മകന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി ഇ.പി ജയരാജന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ചിനുനേരെ പൊലിസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ആറ് പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലിസുകാര്‍ക്കും പരുക്കേറ്റു. മാര്‍ച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു ജലപീരങ്കി പ്രയോഗവും ലാത്തിച്ചാര്‍ജുമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രിനില്‍ മതുക്കോത്ത്, സന്ദീപ് പാണപ്പുഴ, അന്‍സില്‍ വാഴപ്പിള്ളി, ഹനീഫ കാരക്കുന്ന്, സനല്‍ നടുവനാട്, വിജേഷ് കടവത്തൂര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സി മുഹമ്മദ് ഫൈസല്‍, വി.ആര് ഭാസ്ക്കരന്‍, സുരേഷ് മാവില, ഒ.കെ പ്രസാദ്, ഫര്സീന് മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."