വീണപൂക്കളേ മാപ്പ്
രക്ഷിതാക്കളുടെ ക്രൂരതയ്ക്കിരയായ ജീവനുവേണ്ടി കേരളം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരുന്നിട്ടും ആ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത് ഏപ്രില്‍ ആറിനാണ്. അമ്മയുടെ കണ്‍ മുമ്പിലാണാ കുഞ്ഞ് രണ്ടാനച്ഛന്റെ ക്രൂരതയ്ക്കിരയായത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി.
നാലുവയസുള്ള അനുജന്റെ മൊഴിയിലൂടെയാണ് സ്വന്തം അമ്മയും രണ്ടാനച്ഛനും അവനോട് കാട്ടിയ ക്രൂരത പുറം ലോകമറിയുന്നത്. ഇതിന്റെ തൊട്ടുപിറകേയാണ് എറണാകുളം ഏലൂരില്‍ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരനും മരണമുഖത്തേക്ക് യാത്രയായത്. ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുഞ്ഞായിരുന്നു ഇര. രണ്ടു സംഭവത്തിനും സമാനതകളേറെയായിരുന്നു. അനുസരണക്കേട് കാട്ടിയതിന് അമ്മ നല്‍കിയത് മരണശിക്ഷ. ആശുപത്രിയില്‍ ജീവനോട് മല്ലിട്ട ആ കുരുന്നും മരണത്തിന് കീഴടങ്ങി.
ഏറ്റവും ഒടുവിലാണ് ആലപ്പുഴയില്‍ നിന്ന് മനഃസാക്ഷി മരവിപ്പിക്കുന്ന അടുത്ത ക്രൂരതയുടെ വര്‍ത്തമാനവുമെത്തിയത്. ആശുപത്രിയിലേക്കുപോലും എത്തിക്കാനുണ്ടായില്ല 15 മാസം മാത്രം പ്രായമായ ആ കുരുന്നു ജീവന്‍. വീട്ടില്‍വച്ചുതന്നെ കഥ കഴിച്ചു കളഞ്ഞു നൊന്തുപെറ്റ അമ്മ. എന്നാല്‍ ഇതെങ്കിലും അവസാനത്തേതാകുമോ? ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരം സംഭവങ്ങള്‍. അവയ്ക്കിത്രമാത്രം വാര്‍ത്താ പ്രാധാന്യം ഉണ്ടായില്ലെങ്കിലും അവരുടേതും മനുഷ്യ ജീവനുകളായിരുന്നു.
എത്രവേണമെങ്കിലുമുണ്ട് പെറ്റമ്മമാര്‍ തന്നെ കൊന്നുതള്ളിയ പിഞ്ചോമനകളുടെ കണക്ക് പറയാന്‍. സ്വന്തം പിതാവോ രണ്ടാനച്ഛനോ അടുത്ത ബന്ധുക്കളോ തന്നെ ചവിട്ടിയരച്ച പിഞ്ചുപൈതങ്ങളുടെ ചരിത്രം നിരത്താന്‍. മുകളില്‍ പറഞ്ഞത് രണ്ടോ മൂന്നോ മാസങ്ങളില്‍ മാത്രമായി അമ്മമാര്‍ ചരിത്രത്തിലേക്ക് ചവിട്ടിതാഴ്ത്തിയവരുടെ സൂചനകള്‍ മാത്രം. ആ കൊലവിളികളുടെ തിരക്കഥ തയാറാക്കിയത് അവര്‍. വധശിക്ഷ വിധിച്ചത് അവര്‍. ആരാച്ചാരായതും ശവക്കല്ലറ ഒരുക്കിയതും നൊന്തുപെറ്റ അമ്മമാര്‍ തന്നെ.
എന്തുകൊണ്ട് സ്വന്തം ചോരയോടിങ്ങനെ കലി തുള്ളുന്നു? അമ്മേ എന്ന വിളി കേള്‍ക്കും മുന്‍പ്, അമ്മിഞ്ഞപ്പാലിന്റെ മധുരം ചുരത്തും മുന്‍പേ ചോരപ്പൈതങ്ങളുടെ കഴുത്തില്‍ കത്തിവയ്ക്കുന്നു. തലയിണ തുമ്പുകൊണ്ട് ശ്വാസം മുട്ടിച്ചുകൊല്ലുന്നു. ഇത്തരത്തിലുള്ള അമ്മമാരുടെ എണ്ണം ഉയരുകയാണ്. ചിലര്‍ക്കെങ്കിലും ഉന്മാദത്തില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന മാനസികരോഗമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വിഷാദരോഗമാവാം.
എങ്കില്‍ എല്ലാവരുടെയും കഥ അങ്ങനെയാണോ...?
ഏതു സംഭവങ്ങളിലും രക്ഷിതാക്കളാണ് പ്രതിസ്ഥാനത്ത്. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം അവരുടെ സംരക്ഷണം ഉറപ്പാക്കാനുളളതാണെന്ന് ആശ്വസിക്കുമ്പോഴാണ് വീടുകള്‍ക്കകത്ത് സ്വന്തം രക്ഷിതാക്കളാല്‍ കുഞ്ഞുങ്ങളെ മരണത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്തു കൊന്നുവെന്ന വാര്‍ത്ത കേട്ടത് കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ്. നിര്‍മല്ലൂരിലെ വലിയ മലക്കുഴിയില്‍ സഹോദരനേയും സഹോദരിയേയുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ആ ഞെട്ടല്‍ മാറും മുന്‍പേ അടുത്ത ദിവസം മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്ന് വീണ്ടും കേട്ടു മറ്റൊരു ചോരപ്പൈതലിനെ കഴുത്തറുത്ത് കശാപ്പുചെയ്ത കഥ. കേസില്‍ അറസ്റ്റിലായതും മാതാവും സഹോദരനും തന്നെ.
മുലയൂട്ടുന്നതിനിടെ വേദന തോന്നിയപ്പോള്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ കുളത്തിലെറിഞ്ഞാണ് 27കാരിയായ മറ്റൊരമ്മ കൊലപ്പെടുത്തിയത്. ഒക്‌ടോബര്‍ ഏഴിന് ചെന്നൈയില്‍ നിന്നായിരുന്നു ആ വാര്‍ത്ത. തലേന്ന് രാത്രിയില്‍ കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് പൊലിസില്‍ പരാതി നല്‍കാനും ഇവര്‍ക്കു മടിയുണ്ടായില്ല. അന്ധനായ മകനെ 35 കാരിയായ പത്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ഇതിന്റെ പരിസര പ്രദേശമായ ഇന്ദിരാ നഗറില്‍ നിന്ന് സെപ്റ്റംബര്‍ 16 നായിരുന്നു. സെപ്റ്റംബര്‍ 17ന് വീണ്ടും തൃശൂര്‍ ചേര്‍പ്പില്‍ ഒന്നര വയസുകാരിയായ ഏക മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണമായ കഥ കേട്ടു. പൊലിസ് പിടിയിലായത് 34 കാരിയായ മാതാവായിരുന്നു.
ഏഴു വയസുകാരിയായ മകള്‍ ഗോവണിയില്‍ നിന്നു വീണു മരിച്ച കേസില്‍ തൃശൂരില്‍ പൊലിസ് അറസ്റ്റ് ചെയ്തത് മാതാവിനെയാണ്. ചാലക്കുടിയിലെ കുന്ദപ്പള്ളിയില്‍ ഒക്‌ടോബര്‍ 30 നായിരുന്നു സംഭവം. നാദാപുരത്തു മൂന്നു വയസുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കികൊലപ്പെടുത്തുകയും താഴെയുള്ള ഒന്നര വയസുകാരനെ കൊല്ലാക്കൊല ചെയ്യുകയുമുണ്ടായി.
സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം കിനാവ് കണ്ടവരായിരുന്നു പണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നു ചോരകിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച് ജീവിതത്തിലും സാഹിത്യത്തിലും സിനിമയിലും എത്രയെത്ര കഥകള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത് സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നുകരുതിയായിരുന്നു. ആ അമ്മമാരുടെ പിന്‍ തലമുറക്കാരാണിന്ന് അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക് കാളകൂടവും നല്‍കുന്നത്. ആറ്റുനോറ്റുണ്ടായ മക്കളെ തലയില്‍ വയ്ക്കാതെയും താഴത്ത് വയ്ക്കാതെയും താരാട്ട് പാടിയുറക്കുന്ന മാതൃത്വത്തെക്കുറിച്ച് പഴകി തേഞ്ഞ ആ പല്ലവിയിനി പാടുന്നതില്‍ അര്‍ഥമില്ലാതാവുകയാണോ?
മാതൃപിതൃ വാസനകള്‍
നഷ്ടപ്പെടുന്നുണ്ടോ?
ഒരുകാര്യം ഉറപ്പാണ്. മാതൃ പിതൃ വാസനകള്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ് സ്വന്തം കുഞ്ഞുങ്ങളെ അരിഞ്ഞു വീഴ്ത്തുന്ന പ്രവണതകളുണ്ടാകുന്നത്. സ്വന്തം പിതാവ് തന്നെ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ മാതാവ് അതിനു കൂട്ടുനില്‍ക്കുന്നത്. ചിലപ്പോഴെങ്കിലും സ്വന്തത്തെ കൂട്ടിക്കൊടുത്തതിന്റെ വിഹിതം പറ്റി ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ജീവിക്കുന്നത്. മാതാവും പിതാവും സ്വന്തക്കാരും തന്നെ ഇത്തരം കേസുകളില്‍ ഒന്നിനു പിറകെ മറ്റൊന്നായി അറസ്റ്റിലാകുന്നത്.
കേരളത്തില്‍ ദിനംപ്രതി എട്ട് കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം ആഗസ്റ്റുവരേയുള്ള കണക്കെടുത്താല്‍ കുട്ടികള്‍ക്കുനേരെ 2031 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ്. കുട്ടികള്‍ പീഡനത്തിനിരകളാകുന്ന കേസുകളില്‍ കൂടുതലും പ്രതികള്‍ സ്വന്തക്കാര്‍ തന്നെയാണ്. അടുപ്പമുള്ളവരും അയല്‍ക്കാരും കുടുംബ സുഹൃത്തുക്കളും ഏറ്റവും സുരക്ഷിതരെന്ന് കരുതുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളിലും പോക്‌സോ കേസുകളിലും ഗണ്യമായ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം 3478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മാത്രമാകുമ്പോഴേക്കും അത് 1000 കടന്നു. വേണ്ടപ്പെട്ടവര്‍ തന്നെ പ്രതിപ്പട്ടികയില്‍ ഇടം കണ്ടെത്തുന്നുണ്ട്. ജീവിത വിശുദ്ധിയിലേക്കും ധാര്‍മികതയുടെ അളവുകോല്‍ ഇടിഞ്ഞു താഴുന്നതിലേക്കും തന്നെയാണത് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നത്.
നാടിനെ നടുക്കിയ ഒട്ടേറെ ലൈംഗിക പീഡനക്കേസുകളില്‍ പെറ്റമ്മമാര്‍ തന്നെ കൂട്ടുപ്രതികളായ സംഭവങ്ങളുണ്ടായി. പറവൂര്‍ പീഡനക്കേസിലെ ഇര കോടതിയില്‍ ഒരിക്കല്‍ ജഡ്ജിയോട് പറഞ്ഞത് തന്റെ മാതാവിനെ ജീവിതത്തിലിനി ഒരിക്കലും കാണേണ്ടെന്നായിരുന്നു. കഴിഞ്ഞ മാസം പുനലൂരില്‍ നിന്നു കേട്ടത് ഒരു പതിനാലുകാരിയുടെ ദീനരോദനമാണ്. മാതാവും പിതാവും പിതൃ സഹോദരനുമായിരുന്നു സംഭവത്തിലെ പ്രതികള്‍. മാതാവും 20 കാരനായ പിതൃ സഹോദരനും അറസ്റ്റിലായി. പിതാവടക്കം മൂന്നുപേര്‍ കഴിഞ്ഞ ദിവസം വരേ ഒളിവിലായിരുന്നു. നിരവധി കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവച്ചത് പിതൃസഹോദരനായിരുന്നു. മാതാപിതാക്കളുടെ ഒത്താശയോടെയായിരുന്നു ഇതെല്ലാം നടന്നിരുന്നത്. അച്ഛനും അമ്മയ്ക്കും പണം മാത്രം ലഭിച്ചാല്‍ മതിയെന്നുമായിരുന്നു പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴി. വേലിതന്നെ വിളവു തിന്നുമ്പോള്‍ പിന്നെ ഈ പെണ്‍കുട്ടികള്‍ എന്തു ചെയ്യും? ആരോട് പറയും? ആശ്വാസത്തിന്റെ ചുമട് എവിടെയെങ്കിലും ഇറക്കിവച്ച് ഉറക്കെയൊന്ന് പൊട്ടിക്കരയാനെങ്കിലും ഇവര്‍ക്ക് സാധിക്കുമോ?
ലാളന ലഭിക്കാതെ വളര്‍ന്നാല്‍
മക്കളേയും ലാളിക്കാനാവില്ല
കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വാസന എല്ലാ മൃഗങ്ങളിലുമുണ്ട്. സ്‌നേഹം, വാത്സല്യം തുടങ്ങിയ വികാരങ്ങള്‍ നമ്മളില്‍ ഉണര്‍ത്തുന്നത് അവ നമുക്ക് മാതാപിതാക്കളും മറ്റുള്ളവരും തന്നിട്ടുള്ളതുകൊണ്ടു മാത്രമാണ്. ചെറുപ്പം മുതലേ അത്തരം സ്‌നേഹവാസനകള്‍ രൂപപ്പെട്ടില്ലാത്തവരാണ് മിക്കപ്പോഴും ക്രിമിനലുകളായി തീരുന്നത്.
കുഞ്ഞു പ്രായത്തില്‍ ലാളന ലഭിക്കാതെ വളരുന്നവര്‍ക്ക് അവരുടെ കുട്ടികളേയും ലാളിക്കാനാവില്ല. അവര്‍ക്ക് കുട്ടികളെ വളര്‍ത്താനും അറിയാതെ പോകുന്നു. ഇതാണ് പല സ്ത്രീകളിലും സംഭവിക്കുന്നതെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ബ്രോയിലര്‍ കോഴികള്‍ക്ക് മുട്ടയിടാനേ അറിയൂ. ഒരിക്കലും കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിക്കാനോ വളര്‍ത്താനോ സാധിക്കില്ല.
പ്രസവ വേദന ഒഴിവാക്കാന്‍ സിസേറിയന് വിധേയരാകുന്ന സ്ത്രീകളിലും മുലയൂട്ടാന്‍ മടിക്കുന്ന സ്ത്രീകളിലും മാതൃത്വം വളരെ കുറവായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ അത്തരക്കാരില്‍ നിന്ന് ഇത്തരം കൊലവിളികള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ഈ ദുരന്ത സമാനമായ സാഹചര്യത്തെക്കുറിച്ച് വേണ്ടപ്പെട്ടവരാരെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ?
ഇടുക്കി ജില്ലയില്‍ നിന്ന് കുട്ടികള്‍ക്കെതിരേ രക്ഷിതാക്കളോ രണ്ടാനച്ഛന്‍മാരുടെയോ പീഡനങ്ങള്‍ക്കിരയാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കുമളിയില്‍ നിന്ന് പീഡനത്തിനിരയായ ശഫീഖിന്റെ കാര്യം മറക്കാറായിട്ടില്ല. അന്ന് അഞ്ചു വയസായിരുന്നു ശഫീഖിന്റെ പ്രായം. അച്ഛനും അമ്മയും ഉപേക്ഷിച്ച ശഫീഖിനെ ഇപ്പോഴും സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. ഇപ്പോഴും ശഫീഖ് പൂര്‍ണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
ആരോമല്‍ എന്ന കുട്ടിയെ പട്ടിക്കൂട്ടില്‍ കെട്ടിയിട്ട് രണ്ടാനച്ഛനും മാതാവും മര്‍ദിച്ച സംഭവവും ഇടുക്കിയില്‍ നിന്ന് അടുത്തകാലത്തു കേട്ട കഥയാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഒന്നോ രണ്ടോ വാര്‍ത്തക്കപ്പുറം ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളൊന്നുമുണ്ടാകുന്നില്ല.
അച്ഛനോ അമ്മയോ ആണോ കുഞ്ഞുങ്ങളുടെ പരമാധികാരി?
അശ്വതി ശ്രീകാന്ത് എന്ന വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തൊടുപുഴയില്‍ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോര്‍മയില്‍ പോലും കണ്ണുകള്‍ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതല്‍ ചേര്‍ത്ത് പിടിക്കുന്നു.
എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടില്‍ നിന്ന് ഏറിയാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്... എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.
അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു... മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്... സ്വന്തം കുഞ്ഞിനെ ഒരുത്തന്‍ കാലില്‍ തൂക്കി തറയിലടിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത വണ്ണം അവള്‍ മരവിച്ചുപോയതാകാം എന്ന്...
ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവള്‍. ഒന്നാലോചിച്ചാല്‍ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോള്‍ മരവിച്ചുപോയെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ അപകടമാണെന്ന് പറയാന്‍ കാണിച്ച ജാഗ്രതയോര്‍ക്കുമ്പോഴാണ് വീണ്ടും അതിശയം.
ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍...!
ഒരു വര്‍ഷം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയില്‍ കയറുമ്പോള്‍ പത്മയുടെ വിരല്‍ കാറിന്റ ഡോറിനിടയില്‍ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റല്‍ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാര്‍ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിളിച്ചതോര്‍ത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്...
എനിക്ക് നൊന്താല്‍ അച്ഛനും നോവും എന്ന് പണ്ട് അച്ഛന്‍ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാര്‍ഥത്തില്‍ അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
അത് തന്നെ എന്റെ മകളോടും ഞാന്‍ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവള്‍ ഓടി വന്നു ചോദിക്കും, അമ്മയ്ക്കും ഇപ്പോള്‍ അവിടെ വേദനിക്കുന്നില്ലേ എന്ന്... അവള്‍ക്ക് നൊന്താല്‍ അമ്മയ്ക്ക് നോവും എന്ന് അവള്‍ അതിശക്തമായി വിശ്വസിക്കുന്നുണ്ട്... ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക??
ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം... മാനസികമായൊരു പരുവപ്പെടല്‍ ഏറ്റവും ആവശ്യമായ ഉത്തരവാദിത്തമാണ് അമ്മയും അച്ഛനുമാകല്‍ എന്നിരിക്കെ അതില്ലാത്തവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകള്‍ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകള്‍ അനുഭവിക്കുകയും ചെയ്യും!! അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവര്‍ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു. ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. ഏതെങ്കിലും തരത്തില്‍ വികലമായ മനസുള്ളവരാണ് മാതാപിതാക്കളെന്നു അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അധ്യാപകര്‍ക്കോ തോന്നിയാല്‍ കുഞ്ഞുങ്ങളെ വിധിക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റെ പിന്‍തുടര്‍ച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങള്‍. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പൊലിസാവുന്ന നമ്മള്‍ അയല്‍ വീടുകളില്‍ കേള്‍ക്കുന്ന കുഞ്ഞു നിലവിളികള്‍ക്ക് കൂടി കാതു കൊടുത്തിരുന്നെങ്കില്‍ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."