123 ആദിവാസി കുടുംബങ്ങള്‍ക്ക് ലൈഫിലൂടെ അടച്ചുറപ്പുള്ള ഭവനം
തിരുവനന്തപുരം: എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് പദ്ധതിയിലൂടെ 123 ആദിവാസി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ആദിവാസി മേഖലകളായ കുറ്റിച്ചല്‍, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍, ആര്യനാട്, വെള്ളനാട് എന്നീ പ്രദേശങ്ങളിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്.
2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ വിവിധ പദ്ധതികളിലായി വീടുവയ്ക്കാന്‍ സഹായം ലഭിച്ചിട്ടും പൂര്‍ത്തിയാകാത്ത പട്ടികവര്‍ഗക്കാരുടെ വീടുകള്‍ക്കാണ് ഇപ്പോള്‍ ലൈഫിലൂടെ പുതുജീവന്‍ ലഭിച്ചത്. ഓരോ ഗുണഭോക്താവിനും പരമാവധി നാലു ലക്ഷം രൂപയാണ് വീടുവയ്ക്കാനായി നല്‍കിയത്. ഇതില്‍ ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് ചെലവിന് ആനുപാതികമായി പരമാവധി ആറു ലക്ഷം രൂപ വരെ നല്‍കിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി പറഞ്ഞു.
അഞ്ച് ഘട്ടമായാണ് ഇവര്‍ക്ക് പണം അനുവദിച്ചത്. വെള്ളനാട് ബ്ലോക്കിന് കീഴില്‍ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ കുറ്റിച്ചല്‍, വിതുര പഞ്ചായത്തുകളില്‍ നല്ലൊരു ശതമാനവും പട്ടികവര്‍ഗക്കാരാണ്. ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമായി 83 വീടുകള്‍ പൂര്‍ത്തീകരിക്കാനായതായും പ്രസിഡന്റ് വ്യക്തമാക്കി. കുറ്റിച്ചല്‍ 48, വിതുര 35, തൊളിക്കോട് 23, ആര്യനാട് 13, വെള്ളനാട് 2, പൂവച്ചല്‍, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ ഒന്നു വീതം എന്നീ ക്രമത്തിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീട് ഇവിടുങ്ങളിലെ പല കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നില്ല.
താല്‍ക്കാലിക ഷെല്‍റ്ററുകളിലാണ് കൂടുതല്‍ പേരും താമസിച്ചിരുന്നത്. ലൈഫ് പദ്ധതിയിലൂടെ സൗജന്യമായി വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും വിമുഖത കാട്ടിയ ഇവരെ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി അടച്ചുറപ്പുള്ള വീടിന്റെ ആവശ്യം ബോധ്യപ്പെടുത്തിയാണ് സമ്മതിപ്പിച്ചത്.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന നിരവധി പേരാണ് ആദിവാസി മേഖലകളിലുള്ളത്. പുതിയ വീടിനെപ്പറ്റി ഇവരെ ബോധവല്‍കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഏറെ പരിശ്രമിച്ചു. ഇതിനായി ആദിവാസി ഊരുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുകയും ബോധവല്‍ക്കരിക്കുകയും ചെയ്തു. ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയാണ് വീടു നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഇനിയും വീടില്ലാത്തവര്‍ ആദിവാസി മേഖലകളില്‍ ഉണ്ടെങ്കില്‍ അടച്ചുറപ്പുള്ള വീടിന്റെ ആവശ്യം ബോധ്യപ്പെടുത്തി വിടുവെച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."