തൊഴുത്തല്ല.., അങ്കണവാടി തന്നെ
ബോവിക്കാനം: മുളിയാര്‍ ആലൂര് ആലനടുക്കം മിനി അങ്കണവാടിയിലെ കുട്ടികള്‍ക്ക് കളിക്കുമ്പോഴും ചിരിക്കുമ്പോഴും അറിയില്ല, അപകടാവസ്ഥിയിലുള്ള ഒരു കെട്ടിടത്തിലാണ് തങ്ങളുള്ളതെന്ന്. പൊളിഞ്ഞു വീഴാറായ കാലി തൊഴുത്തുപോലുള്ള കെട്ടിടത്തില്‍ പത്തോളം കുരുന്നുകളാണുള്ളത്.
വേനലും മഴയും ഈ പിഞ്ചോമനകള്‍ക്ക് ദുരിതകാലമാണ്. മഴ പെയ്താല്‍ അകത്തേക്ക് വെളളം അടിച്ചു കയറ്റും. വേനലാണെങ്കില്‍ പൊരി വെയിലും കൊണ്ടിരിക്കണം. നാലു വര്‍ഷം മുമ്പ് തുടങ്ങിയ ഈ അങ്കണവാടിക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. ഇപ്പോള്‍ പുറമ്പോക്ക് സ്ഥലത്തു നാട്ടുകാര്‍ പണിത താല്‍ക്കലിക ഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ഇരിക്കാനോ കിടക്കാനോ ഉള്ള സൗകരമോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുളള ശൗചാലയമോ ഇല്ല. ഷെഡ്ഡിന്റെ ഇരുവശവും പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ചാണ് മഴയിലും വെയിലിലും സംരക്ഷണം തേടുന്നത്. എന്നാല്‍ വലിയ കാറ്റു വന്നാല്‍ പ്ലാസ്റ്റിക് പറന്നു പോകും.
കുട്ടികള്‍ പഠിക്കുന്നതിനു തൊട്ടടുത്തുളള ഇടുങ്ങിയ മുറിയിലാണു ഭക്ഷണ സാധനങ്ങളും ഗ്യാസ് സിലിണ്ടറുകളടക്കം സൂക്ഷിക്കുന്നത്. അങ്കണവാടിയുടെ ശോചനിയാവസ്ഥ കാരണം രക്ഷിതാക്കള്‍ കുട്ടികളെ അയക്കാന്‍ മടിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഷെഡ്ഡിനടുത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലമാണുള്ളത്. സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."