അഴിത്തലയില്‍ നിലക്കടല വിളയിക്കാന്‍ പദ്ധതി
നീലേശ്വരം: അഴിത്തലയില്‍ ഇനി നിലക്കടലയും വിളയും. അഞ്ചേക്കര്‍ സ്ഥലത്തു നിലക്കടല കൃഷി ചെയ്യാനാണു പദ്ധതി. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തിയാണു ഇതു നടപ്പാക്കുക. നീലേശ്വരം നഗരസഭയോടു ചേര്‍ക്കപ്പെട്ട അയല്‍ക്കൂട്ടങ്ങളുടെ സംയുക്ത ശില്‍പശാലയിലാണു പദ്ധതി അവതരിപ്പിക്കപ്പെട്ടത്.
നിലക്കടല കൃഷിക്ക് അനുയോജ്യമായ മണ്ണാണ് അഴിത്തലയിലേതെന്ന് ടൂറിസം വികസനത്തിന്റെ ഭാഗമായി നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപുകള്‍ രൂപീകരിച്ചാണു കൃഷി ചെയ്യുക. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു തദ്ദേശീയമായി ഉല്പാദിപ്പിച്ച നിലക്കടല നല്കാനാകുമെന്നത് ഇതിന്റെ മേന്മയാണ്.
ശില്പശാല നഗരസഭ ഉപാധ്യക്ഷ വി ഗൗരി ഉദ്ഘാടനം ചെയ്തു. തൊഴില്‍ കാര്‍ഡും ഉപാധ്യക്ഷ വിതരണം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി രാധ അധ്യക്ഷയായി. 'ടൂറിസം പദ്ധതിയും കുടുംബശ്രീയും' എന്ന വിഷയത്തില്‍ സെക്രട്ടറി എന്‍.കെ ഹരീഷ് സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ കെ.വി രാധ, പി പ്രകാശന്, കെ.വി ഗീത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുക, എ.യു.ജി.ഇ.എസ് എന്‍ജിനീയര്‍ എന്‍ കിരണ്‍, സുരേഷ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."