പരാതിയുമായി യു.ഡി.എഫ്: 'കണ്ണൂരില്‍ 200 സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു'
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലായി 200 സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ ചീഫ് ഇലക്ഷന് ഏജന്റ് കെ. സുരേന്ദ്രന് പരാതി നല്കി. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ കള്ളവോട്ട് ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.
വോട്ടറുടെ പേര്, ക്രമനമ്പര്‍, ബൂത്ത് നമ്പര്‍, കള്ളവോട്ട് ചെയ്ത വ്യക്തി, ചെയ്ത വോട്ടുകളുടെ എണ്ണം തുടങ്ങി വിശദമായ പരാതിയാണ് കോണ്‍ഗ്രസ് കൈമാറിയത്. തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ധര്‍മടം നിയമസഭാ മണ്ഡലങ്ങളിലെ കള്ളവോട്ട് വിവരങ്ങളാണ് പരാതിയിലുള്ളത്. തളിപ്പറമ്പില്‍ മാത്രം പ്രായപൂര്ത്തിയാകാത്തര് ഉള്‍പ്പെടെ 77 പേര് കള്ളവോട്ട് ചെയ്തു. ഇതില്‍ 17 പേര് സ്ത്രീകളാണ്. മട്ടന്നൂരില്‍ 11 സ്ത്രീകളടക്കം 65 പേര് കള്ളവോട്ട് ചെയ്തെന്നാണ് പരാതി. പേരാവൂരില്‍ 35 പേര്‍ക്കെതിരേയാണ് പരാതി. ഇതില്‍ ആറു വോട്ടര്‍മാര്‍ സ്ത്രീകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 23 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പരാതി.
മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളടക്കം ആറു സ്ത്രീകളും ഇതിലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പരാതികള്‍ ലഭിച്ച എല്ലാ ബൂത്തിലെയും വെബ് കാസ്റ്റിങ് വിഡിയോ പരിശോധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."