ബംഗ്ലാദേശിലേക്കു വന്നാല്‍ ഷമീമ ബീഗത്തിനു വധശിക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍
ധാക്ക: പതിനഞ്ചാം വയസില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ യു.കെയില്‍നിന്ന് സിറിയയിലേക്കെത്തിയ ഷമീമ ബീഗം ബംഗ്ലാദേശിലേക്കു വന്നാല്‍ വധശിക്ഷ നേരിടേണ്ടിവരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മുഅ്മിന്. 19കാരിയായ ഷമീമ 2015ലാണ് ഐ.എസില്‍ ചേരാന്‍ ലണ്ടന്‍ വിട്ടത്.
ഫെബ്രുവരിയില്‍ ബ്രിട്ടന് ഇവരുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഷമീമ ബീഗം ബംഗ്ലാദേശുകാരിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് ബംഗ്ലാദേശ് പൗരത്വമില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഷഹരിയാര്‍ ആലം പറഞ്ഞു.
ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവേദാണ് ബീഗത്തിന് ബംഗ്ലാദേശിലേക്ക് പോകാമെന്ന തരത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചത്. ബീഗത്തിന്റെ മാതാപിതാക്കള്‍ ബംഗ്ലാദേശികളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഷമീമ ബീഗത്തിന് ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്.
യു.കെയിലേക്ക് തിരിച്ചുവരാന്‍ ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് അനുവദിക്കില്ലെന്നും 1981ലെ ബ്രിട്ടിഷ് പൗരത്വനിയമത്തിന്റെ സെക്ഷന്‍ 40(2) പ്രകാരം അവരുടെ പൗരത്വം നീക്കം ചെയ്യുമെന്നുമാണ് ബ്രിട്ടന് പറയുന്നത്. സിറിയയിലെ ഒരു അഭയാര്‍ഥി ക്യാംപിലാണ് ഇപ്പോള്‍ ബീഗവും കുഞ്ഞും കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."