കിരീടം തേടി കോഹ്‌ലിയും സംഘവും
ദുബായ്: ഐ.പി.എല്ലിലെ ആദ്യ കിരീടം തേടിയാണ് വിരാട് കോഹ്‌ലിയും സംഘവും യു.എ.ഇയിലേക്ക് വണ്ടി കയറിയിട്ടുള്ളത്.
ലോക ക്രിക്കറ്റിനെ അടക്കിവാഴുന്ന പല പ്രമുഖരും ഒരുമിച്ച് കളിച്ചിട്ടും ഇതുവരെ ഐ.പി.എല്ലില്‍ കിരീടം ഉയര്‍ത്താന്‍ ആര്‍.സി.ബിക്കായിട്ടില്ല. എന്നാല്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് സംഘം ഐ.പി.എല്ലിനെത്തിയിട്ടുള്ളത്. വിരാട് കോഹ്‌ലി,എബി ഡിവില്ലിയേഴ്‌സ് എന്നീ താരങ്ങളാണ് ആര്‍.സി.ബിയുടെ നട്ടെല്ല്. 2016ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഹൈദരാബാദിനോട് തോല്‍വി വഴങ്ങുകയായിരുന്നു. എല്ലാ സീസണിലും മോശം ബൗളിങ് നിരയെന്ന പേരുദോഷം ഇത്തവണ മാറ്റിയ ആര്‍.സി.ബിയുടെ ഇത്തവണത്തെ ടീം മികച്ചതാണ്. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഇത്തവണത്തെ ആര്‍.സി.ബിയുടെ പ്രധാന കരുത്ത്. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കഴിയുന്നവരാണ് മൂന്ന് താരങ്ങളും. എബിഡി ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ ബൗളര്‍മാര്‍ക്ക് പിന്നെ ഒന്നും ചെയ്യാനുണ്ടാകില്ല. ഏത് വശത്തേക്കും ഒരുപോലെ സിക്‌സര്‍ പായിക്കാനുള്ള എബിഡിയുടെ കഴിവില്‍ ടീം ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങ് കരുത്തിനൊപ്പം ഇത്തവണ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയും ടീമിലെത്തിച്ചത് ടീമിന് ഗുണം ചെയ്യും. ഫിഞ്ചിന്റെ സാന്നിധ്യം നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. ജോഷ് ഫിലിപ്പെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇത്തവണ ആര്‍.സി.ബിക്ക് മുതല്‍ക്കൂട്ടായേക്കും. പാര്‍ഥിവ് പട്ടേല്‍,ശിവം ദുബെ,ദേവ്ദത്ത് പടിക്കല്‍,മോയിന്‍ അലി,ഗുര്‍കീരത് സിങ്മാന്‍ എന്നിവരാണ് ബാറ്റിങ് നിരയില്‍ എടുത്തുപറയേണ്ട താരങ്ങള്‍. ബൗളിങ് നിര ഇത്തവണ വിറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഡെയ്ല്‍ സ്റ്റെയിനെന്ന ദക്ഷിണാഫ്രിക്കന്‍ പേസറുടെ സാന്നിധ്യം ആര്‍.സി.ബിയുടെ ബൗളിങ് നിരയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
എല്ലാത്തവണയും മോശം ബൗളിങ് നിരയെന്ന ചീത്തപ്പേര് ടീം മാറ്റിയിട്ടുണ്ട്. ശ്രീലങ്കന്‍ പേസര്‍ ഇസിരു ഉദാന,ക്രിസ് മോറിസ് എന്നിവരും വിദേശ പേസര്‍മാരായി ടീമിലുണ്ട്. ഇന്ത്യന്‍ പേസര്‍മാരായി ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്. യു.എ.ഇയിലെ സ്പിന്‍ മൈതാനത്ത് യുസ്‌വേന്ദ്ര ചഹലാണ് ടീമിന്റെ തുറുപ്പ് ചീട്ട്. ആദം സാംബ,വാഷിങ്ടണ്‍ സുന്ദര്‍,പവന്‍ ദേശപാണ്ഡെ,പവന്‍ നേഗി,മോയിന്‍ അലി,ഷഹബാസ് അഹ്മദ്,ഗുര്‍കീരത് സിങ് മാന്‍ എന്നിവരെല്ലാം സ്പിന്‍ ബൗളര്‍മാരായി ടീമിലുണ്ട്. മികച്ച ഓള്‍റൗണ്ടര്‍ നിര ക്രിസ് മോറിസ്,മോയിന്‍ അലി,വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ദേശീയ ടീം താരങ്ങളായ ഓള്‍റൗണ്ടര്‍മാര്‍ ആര്‍.സി.ബിക്ക് കരുത്ത് പകരും. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ളവനാണ് മോറിസ്. മോയിന്‍ അലി ടോപ് ഓഡറിലാവും കൂടുതല്‍ തിളങ്ങുക. പവന്‍ നേഗി എന്ന പരിചയസമ്പന്നനായ ഓള്‍റൗണ്ടറും ടീമിന്റെ നിര്‍ണായക ഘടകമാണ്. പവന്‍ ദേശപാണ്ഡെ,ഷഹബാസ് അഹ്മദ്,ഗുര്‍കീരത് സിങ് മാന്‍ എന്നിവരെല്ലാം ടീമിന്റെ ഓള്‍റൗണ്ടര്‍മാരാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),ജോഷ് ഫിലിപ്പ്,ആരോണ്‍ ഫിഞ്ച്,എബി ഡിവില്ലിയേഴ്‌സ്,പാര്‍ത്ഥിവ് പട്ടേല്‍,ദേവ്ദത്ത് പടിക്കല്‍. മാര്‍ക്രിസ് മോറിസ്,മോയിന്‍ അലി,ഷഹബാസ് അഹ്മദ്,പവന്‍ നേഗി,ശിവം ദുബെ,ഗുര്‍കീരത് സിങ് മാന്‍,വാഷിങ്ടണ്‍ സുന്ദര്‍,പവന്‍ ദേശപാണ്ഡെ, മുഹമ്മദ് സിറാജ്,യുസ്‌വേന്ദ്ര ചാഹല്‍,നവദീപ് സൈനി,ഇസിരുഉദാന, ഡെയ്ല്‍ സ്റ്റെയിന്‍,ഉമേഷ് യാദവ്, ആദം സാംബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."