ജില്ലയെ ഇരുട്ടിലാക്കാതെ കെ.എസ്.ഇ.ബി
പാലക്കാട്: ജില്ലയിലുണ്ടായ കനത്ത മഴയില്‍ പാലക്കാട് വൈദ്യുതി ബോര്‍ഡിന് ഉണ്ടായ നഷ്ടം നാലര കോടിയോളമാണ്. കെ.എസ്.ഇ.ബി പാലക്കാട്- ഷൊര്‍ണൂര്‍ സര്‍ക്കിളിന്റെ പരിധികളിലായി 67 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍, 4746 വൈദ്യുതിത്തൂണുകള്‍, 4500 കിലോമീറ്റര്‍ വൈദ്യുതി കമ്പികള്‍ എന്നിവയ്ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. പാലക്കാട് ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ലൈനുകളും വെള്ളത്തിനിടയിലായി. നെല്ലിയാമ്പതി, നെന്മാറ, കിഴക്കഞ്ചേരി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പോസ്റ്റുകളും ലൈനുകളും ഒലിച്ചുപോയി. പലയിടങ്ങളിലും റോഡ് പൂര്‍ണമായി തകരുകയും ഒഴുകി പോവുകയും ചെയ്തതിനാലും ദിവസങ്ങളായി തുടര്‍ന്ന കനത്ത മഴയും വൈദ്യുതി പുനസ്ഥാപനത്തിന് വെല്ലുവിളിയായിരുന്നെങ്കിലും 90 ശതമാനത്തോളം വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായി പാലക്കാട്-ഷൊര്‍ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.
പറളി സെക്ഷന്‍ ഓഫീസില്‍ വെള്ളം കയറി ഓഫീസുപകരണങ്ങള്‍ക്കും കെട്ടിടത്തിനും നാശം സംഭവിച്ചു. പറളി സെക്ഷന്‍ ഓഫീസില്‍ വെള്ളം കയറിയിട്ടും ഓഫീസ് പ്രവര്‍ത്തനം സാരമായി ബാധിക്കാതെ അടുത്തുള്ള സബ്‌സ്റ്റേഷന്‍ ക്വാട്ടേര്‍സില്‍ ഓഫീസ് പ്രവര്‍ത്തനം സജ്ജമാക്കി. പലയിടങ്ങളിലും മരങ്ങള്‍ പുഴങ്ങിവീണ സാഹചര്യങ്ങളില്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യങ്ങളുമുണ്ടായി. പറളി എടത്തറ ഭാഗത്തെ കൂട്ടുപ്പറമ്പ്, കല്‍പ്പാത്തി സെക്ഷനിലെ ഗണേഷ് നഗര്‍, ആര്‍.കെ നഗര്‍, നെന്മാറ അയിലൂര്‍ പാലക്കാംപൊറ്റ, മരുതറോഡ്, കിഴക്കഞ്ചേരി എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങിയ സമയങ്ങളില്‍ നിശ്ചിത ഇടപെടലിലൂടെ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍ത്തിവെച്ചതിനാല്‍ ദുരന്തം ഒഴിവാക്കാനായി.
കെ.എസ്.ഇ.ബി ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഭാരതപ്പുഴയുടെ തീരത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ഒറ്റപ്പാലം, ലെക്കിടി, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, കുമ്പിടി, പരുതൂര്‍ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി സാരമായി തടസപ്പെട്ടത്. ഇവിടെ നീരൊഴുക്ക് ശക്തമായത് മൂലം പുഴയിലൂടെ നിര്‍മിച്ചിരുന്ന 11 കെ.വി ലൈനുകള്‍ ഒഴുകിപോവുകയും തീരങ്ങളിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ മുങ്ങിപോവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."