അവസാനഘട്ട പ്രചാരണത്തിന് മന്ത്രിയും..!
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിന് വകുപ്പുമന്ത്രിയും. ജില്ലയിലെ ഏകമന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ്മന്ത്രിയുമായ ഡോ.കെ.ടി ജലീലാണ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജില്ലയില്‍ പുതിയ കോളജുകളോ കോഴ്‌സുകളോ അനുവദിച്ചില്ലെന്ന് കാട്ടി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കോളജുകളില്‍ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉയര്‍ത്തിയായിരുന്നു പ്രചാരണം. ജില്ലയോടുള്ള അവഗണന ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടെ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജില്ലയിലെ മൂന്നു സര്‍ക്കാര്‍ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവോ മന്ത്രിസഭാ യോഗതീരുമാനമോ ഉണ്ടായില്ലെന്നും മന്ത്രിയുടെ പ്രസ്തവാന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണെന്നുമാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും ആരോപണം. അതേസമയം ജില്ലയില്‍ പുതിയ കോഴ്‌സ് അനുവദിക്കുന്നതിനായി മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയും ഇന്നലെ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."