ആദിവാസി യുവതികള്‍ മാനഭംഗത്തിനിരയായ സംഭവം കേസെടുക്കാതിരുന്ന എസ്.ഐക്ക് സസ്പെന്ഷന്
കല്‍പ്പറ്റ: വെള്ളമുണ്ടയിലെ ആദിവാസി കോളനിയില്‍ ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തി യുവതികളെ മാനഭംഗത്തിരയാക്കിയെന്ന പരാതിയില്‍ നടപടിയെടുക്കാതിരുന്ന വെള്ളമുണ്ട എസ്.ഐ എ.കെ ജോണിയെ കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് സസ്പന്‍ഡ് ചെയ്തു.
ഞാറാഴ്ച്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ കോളനിയിലെത്തിയ രണ്ടംഗ സംഘം ഭര്ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതികളെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പ്രദേശത്ത് ഇഞ്ചിപ്പണിക്ക് എത്തിയ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്, നാസര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ തങ്ങളെ പീഡിപ്പിച്ചെന്ന് ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനില്‍ യുവതികള്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പൊലിസ് കേസെടുത്തിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൂടാതെ നാലു ദിവസം കഴിഞ്ഞാണ് യുവതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് എസ്.ഐക്കെതിരേ നടപടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."