ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകരാകാന്‍ നാലുപേര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകരാകാനുള്ള ചുരുക്കപ്പട്ടികയില്‍ നാലുപേര്‍. കോണ്‍സ്റ്റന്റൈന്‍ രാജിവച്ചതിന് ശേഷം ഇതുവരെ പുതിയ പരിശീലകനെ എ.ഐ.എഫ്.എഫ് നിയമിച്ചിട്ടില്ല. ഇതുവരെയും പരിശീലകരെ തേടിയുള്ള അലച്ചിലിലായിരുന്നു ഫുട്‌ബോള്‍ ഫെഡറേഷന്‍.
പുതിയ പരിശീലകനെ മെയ് 9ന് പ്രഖ്യാപിക്കും എന്നാണ് എ.ഐ.എഫ്.എഫ് അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പരിശീലകനാവാന്‍ സന്നദ്ധത അറിയിച്ചവരുടെ പട്ടികയില്‍നിന്ന് അവസാന നാലു പേരെ എ.ഐ.എഫ്.എഫ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഫുട്‌ബോള്‍ ഫെഡറേഷനിലേക്ക് വന്ന അപേക്ഷകളില്‍നിന്ന് പ്രമുഖരായ നാലു പേരാണ് ഇന്ത്യന്‍ പരിശീലകസ്ഥാനത്തിന് വേണ്ടിയുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ബംഗളൂരു എഫ്.സിയുടെ മുന്‍ പരിശീലകനായ ആല്‍ബര്‍ട്ട് റോക, മുന്‍ കൊറിയന്‍ പരിശീലകന്‍ ലീ മിന്‍ സുങ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാന്‍ എറിക്‌സണ്‍, ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഐഗോര്‍ സ്റ്റിമാക് എന്നിവരാണ് അവസാന നാലില്‍ ഉള്‍പ്പെട്ടവര്‍. ഇവരില്‍ ആരെങ്കിലും ഒരാള്‍ ആയിരിക്കും ഇന്ത്യയെ ഇനി പരിശീലിപ്പിക്കുക. ബംഗളൂരു എഫ്.സിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ആല്‍ബര്‍ട്ട് റോകയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ചും ഫുട്‌ബോളര്‍മാരെ കുറിച്ചുമുള്ള അറിവാണ് റോകയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പില്‍ പരിശീലിപ്പിച്ച ലീ മിന്‍ സുങ് ആണ് ഈ നാലു പരിശീലകരില്‍ ഏറ്റവും പേരുകേട്ടയാള്‍. എറിക്‌സണ്‍ കുറച്ച് കാലം മാത്രം സ്വീഡനെ പരിശീലിപ്പിച്ച കോച്ചാണ്. സ്വീഡന്റെ അണ്ടര്‍ 21 ടീമിലായിരുന്നു എറിക്‌സന്റെ കൂടുതല്‍ കാലത്തെ പ്രവര്‍ത്തനം. 2012 മുതല്‍ 2013 വരെ ക്രൊയേഷ്യന്‍ കോച്ചായിരുന്നു ഐഗോര്‍ സ്റ്റിമാക്. ഈ നാലു പേരെയും ഒരിക്കല്‍ കൂടി ഇന്റര്‍വ്യൂ ചെയ്ത ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. മെയ് അവസാന വാരത്തോടെ ദേശീയ ക്യാപ് ആരംഭിക്കാന്‍ ഉള്ളതിനാല്‍ നിയമനം വേഗത്തിലാക്കാനാണ് എ.ഐ.എഫ്.എഫ് ശ്രമിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണം പ്രശസ്തരായ പരിശീലകരെ നിയമിക്കില്ലെന്ന് എ.ഐ.എഫ്.എഫ് നേരത്തെ അറിയിച്ചിരുന്നു. പ്രമുഖരായ പരിശീലകരെ നിയമിച്ചാല്‍ അവര്‍ക്കൊപ്പം മികച്ചൊരു ടെക്‌നിക്കല്‍ ടീമിനേയും കൊണ്ടുവരണമെന്നതിനാല്‍ അത് അധിക സാമ്പത്തിക ചെലവ് ഉണ്ടാക്കുമെന്നായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."