റീസര്‍വേ പ്രശ്‌നങ്ങള്‍ക്ക് 15 ദിവസത്തിനകം പരിഹാരം
കാസര്‍കോട്: ജില്ലയിലെ റീസര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് 15ദിവസത്തിനകം പരിഹാരം കാണാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ റോഡ് വികസനം, ഗതാഗതം, കോളനികളുടെ വികസനം, റീസര്‍വേ, വിവിധ കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയവ സംബന്ധിച്ച പ്രശ്‌നപരിഹാരത്തിനു വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം ഉണ്ടാകണമെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശിച്ചു.
മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയുടെ ശോചനീയാവസ്ഥയും ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എം.പി, എം.എല്‍.എമാര്‍, പി.ഡബ്ല്യു.ഡി, എന്‍.എച്ച് വകുപ്പ് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. ഗതാഗത-വൈദ്യുതി തടസവുമായി ബന്ധപ്പെട്ട അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനു കെ.എസ്.ഇ.ബി, എല്‍.എസ്.ജി.ഡി, വനം വകുപ്പ് എന്നിവ യോജിച്ചുള്ള നടപടിയുണ്ടാകും. ജില്ലയിലെ രാത്രികാല ഗതാഗതവും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പ്രശ്‌നങ്ങളും എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സി.എം.ഡി, സോണല്‍ ഓഫിസര്‍, ഡി.ടി.ഒ, ആര്‍.ടി.ഒ എന്നിവരെ പങ്കെടുപ്പിച്ച് പത്തു ദിവസത്തിനകം യോഗം ചേരാനും തീരുമാനമായി.
ജില്ലയിലെ വിവിധ വകുപ്പുള്‍ പര്‍ച്ചേസിങിനു നിലവിലുള്ള സംവിധാനങ്ങളെതന്നെ ആശ്രയിക്കാതെ ജെമ്മിന്റെ സാധ്യത ആരായാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. വിവിധ കെട്ടിട നിര്‍മാണങ്ങളുടെ പുരോഗതി പരിശോധനയ്ക്കു ടൗണ്‍ പ്ലാനിങ് ഓഫിസറെ യോഗം ചുമതലപ്പെടുത്തി. റേഷന്‍ കാര്‍ഡിന് അര്‍ഹരായ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ താല്‍ക്കാലിക താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നതു പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ യോഗം ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
പൊതു സ്ഥലം കൈയേറി ഷെഡുകളും മറ്റും കെട്ടിയിട്ടുണ്ടെങ്കില്‍ ഇതിനെതിരായ നടപടിക്കും യോഗം നിര്‍ദേശം നല്‍കി. എസ്.സി, എസ്.ടി കോളനികളില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയും കോളനിക്കാരെ സംബന്ധിച്ചുള്ള വിഷയങ്ങളും പ്രത്യേകം പരിശോധിക്കും.
വിവിധ വകുപ്പുകളുടെ ജൂലൈ മാസത്തെ പദ്ധതി പുരോഗതി റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, റവന്യു വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എ.ഡി.എം എന്‍. ദേവിദാസ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."