പെരിങ്ങാല ജനജാഗ്രതാ സമിതി രക്ഷിച്ചത് 600 കുടുംബങ്ങളെ
കോലഞ്ചേരി: വെള്ളപ്പൊക്കം തുടങ്ങിയ നാള്‍ മുതല്‍ പെരിങ്ങാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനജാഗ്രതാ സമിതി ഇന്നും സഹായഹസ്തവുമായി ദുരന്തമുഖത്താണ്. ആലുവ, വരാപ്പുഴ, ചാലക്കുടിയുടെ ഒരു ഭാഗം എന്നിവിടങ്ങളില്‍ കുടുങ്ങിയ അറുന്നൂ റോളം കുടുംബങ്ങളെ ഇരുപത് ടോറസുകളിലും ടിപ്പറിലുമായി പെരിങ്ങാലയില്‍ എത്തിച്ചു. ചിലരുടെ വീടുകളില്‍ തന്നെ നാല്‍പത് കുടുംബങ്ങള്‍ വരെ അഭയം തേടി. പ്രളയ ദുരിതത്തിനു ശേഷം അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഒരു മാസത്തെ പല വ്യഞ്ജനളും രണ്ടായിരം രൂപയും നല്‍കി.
എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പതിനായിരം രൂപ വീതം വിതരണം ചെയ്തു. എന്നാല്‍ വെള്ളം കയറിയ ജന പ്രതിനിധികളുടെയും രാഷ്ടീയക്കാരുടെയും വീട് വൃത്തി ആക്കിയപ്പോള്‍ കയ്‌പേറിയ അനുഭവമാണുണ്ടായതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അവര്‍ ചില വീട്ടിലേക്ക് പറഞ്ഞ് വിട്ടതിന്‍ പ്രകാരം അവിടെ ചെല്ലുമ്പോള്‍ നേതാക്കന്മാര്‍ പറഞ്ഞയച്ച പണിക്കാരാണെന്നു കരുതി വീട്ടുകാര്‍ മാറിനിന്നതും ഓരോന്ന് ചെയ്യാന്‍ കല്‍പ്പിച്ചതുമൊക്കെ ഈ സന്നദ്ധ പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചതായി പറഞ്ഞു. എങ്കിലും ദുരന്തങ്ങള്‍ എല്ലാവര്‍ക്കും സംഭവിക്കാമെന്ന ദൈവീക ചിന്തയില്‍ ഇപ്പോഴും സേവനം തുടരുകയാണ്.
ബിസ്മി ഗ്രാനൈറ്റ് ഉടമ സിദ്ദീഖ് കാരക്കുന്നത്താണ് തന്റെ ഇരുപത് ടോറസുകള്‍ വെള്ളം കയറാതിരിക്കാന്‍ സൈലന്‍സര്‍ പ്രത്യേകം മേല്‍പ്പോട്ടാക്കി ഘടിപ്പിച്ച് തന്റെ മൂന്നു മക്കളൊടൊപ്പം ദുരിതാശ്വാസത്തിനിറങ്ങിയത്.
എന്നിട്ടും അഞ്ചോളം വണ്ടികള്‍ തകരാറിലാവുകയും പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും പറയുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ 13 മുതല്‍ 16 വരെ വാര്‍ഡുകളില്‍ താമസിക്കുന്ന നാനൂറോളം വ്യക്തികള്‍ ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് പാവങ്ങളെ സഹായിക്കാനായി സംഘടന രൂപീകരിച്ചത്. അലിക്കുഞ്ഞ് കല്ലംകുടി, നൗഷാദ് ഐവ, അഷറഫ് ഇരിപ്പക്കൊട്ടില്‍, നാസര്‍ മസ്‌ക്കറ്റ് എന്നിവരാണ് ജന ജാഗ്രതാ സമിതിയുടെ അമരക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."