കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് കനത്ത ആഘാതം
മൂവാറ്റുപുഴ: വെള്ളപൊക്കത്തെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതം. കര്‍ഷകര്‍ കൃഷി ചെയ്ത് പാലിച്ചിരുന്ന ഏക്കറ് കണക്കിനു ഏത്ത വാഴ തോട്ടങ്ങളും നിലം പരിശായതോടെ വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. വാഴ കൃഷി പോലെ തന്നെ മറ്റു കൃഷികളുടെ സ്ഥിതിയും മറിച്ചല്ല. മൂവാറ്റുപുഴ താലൂക്കില്‍ മാത്രം 1075 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. 3.5 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ഈ വകയില്‍ കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്.
പിറവം താലൂക്കില്‍ നാലുകോടിയുടെയും കോതമംഗലം താലൂക്കില്‍ മൂന്നുകോടിയുടെയും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പിറവം മേഖലയില്‍ പച്ചക്കറി കൃഷിയാണ് നശിച്ചതെങ്കില്‍ കോതമംഗലം താലൂക്കില്‍ തന്നാണ്ടു വിളകളായ വാഴ, ചേന, കപ്പ, നെല്ല് ഉള്‍പ്പെടെയുള്ളവയാണ് നശിച്ചത്. കഴിഞ്ഞ വേനല്‍മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാറ്റില്‍ വ്യാപകമായ കൃഷിനാശമുണ്ടായിരുന്നു. റബര്‍, ജാതി, കൊക്കോ, വാഴ, കപ്പ തുടങ്ങിയ കൃഷികളും പുരയിടത്തില്‍ നിന്ന തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും കടപുഴകിയിരുന്നു. ഈ വകയിലുള്ള നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കൃഷി വകുപ്പ് സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. ഇതിനിടെയാണ് സര്‍വതും തകര്‍ത്തെറിഞ്ഞ് പ്രളയം എത്തിയത്.
റബര്‍ വിലയിടിവു മൂലം ദുരിതത്തിലായ നിരവധി ചെറുകിട കര്‍ഷകര്‍ വാഴ,കപ്പ,പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.ബാങ്ക് വായ്പയെടുത്ത് നല്ല തുക പാട്ടം നല്‍കിയാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.വരുമാനത്തില്‍ നിന്നു ലഭിക്കുന്ന തുകയുടെ ഒരുഭാഗം ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും അടുത്ത കൃഷിക്കുള്ള ചെലവിലേക്കു നീക്കി വയ്ക്കുകയുമാണ് ചെയ്തുവരുന്നത്. എന്നാല്‍ പ്രളയം പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു. മാസങ്ങളോളം കഠിനാധ്വാനം ചെയ്തുനടത്തിയ കൃഷികളെല്ലാം ഒറ്റദിവസം കൊണ്ട് ഇല്ലാതെ പോയതുമൂലമുള്ള മാനസിക വിഷമത്തിലാണ് നിരവധി കര്‍ഷകര്‍. കൃഷിയോടൊപ്പം കൃഷിയിടം പൂര്‍ണമായും ഒലിച്ചുപോയവരും ഏറെയുണ്ട്. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്ക് നിലവില്‍ നല്‍കിവരുന്ന നഷ്ടം മാത്രം നല്‍കിയാല്‍ കര്‍ഷകന് ഭീമമായ നഷ്ടമായിരിക്കും ഫലം.
പ്രളയത്തെ പ്രത്യേക ദുരന്തമായി കണ്ട് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ തയാറാകാത്ത പക്ഷം കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഓരോ കര്‍ഷകനുമുണ്ടായ നഷ്ടം സംബന്ധിച്ച് കൃഷി ഭവനുകള്‍ മുഖേന ഉടന്‍തന്നെ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഇതു പൂര്‍ത്തിയാകുന്നതോടെ കൃഷിഭവന്‍ അധികൃതര്‍ നേരിട്ട് സ്ഥലത്തെത്തി നഷ്ടം വിലയിരുത്തിയ ശേഷമെ ജില്ലയിലെ കൃഷി നാശത്തിന്റെ കൃത്യമാ കണക്ക് ലഭ്യമാകുകയുള്ളൂവെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശ രവി പറഞ്ഞു. തുടര്‍ന്നായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."