കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരുക്ക്
തലശേരി: ആള്‍ത്താമസമില്ലാത്ത പറമ്പില്‍ കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരുക്കേറ്റു. കൊയിലാണ്ടി കീഴരിയൂര്‍ വാഴവളപ്പില്‍ വീട്ടില്‍ അരിയാന്‍ മനോജനാണ് (49) പരുക്കേറ്റത്. രണ്ട് കൈക്കും തോളിനും പരുക്കേറ്റ ഇയാളെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൊളശേരി എടത്തിലമ്പലത്തിനടുത്ത ബാലകൃഷ്ണന്‍ നമ്പ്യാരുടെ പറമ്പിലെ കുറ്റിക്കാട് യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണു മനോജനെ ആശുപത്രിയില്‍ എത്തിച്ചത്. ബോംബിനുള്ളിലെ ഇരുമ്പ് ആണികള്‍ ശരീരത്തില്‍നിന്നു നീക്കാനാവാത്തതിനാലാണ് കോഴിക്കോട്ടേക്കു മാറ്റിയത്. തലശേരിയില്‍ തെങ്ങുകയറ്റവും മറ്റു കൂലിപ്പണികളും ചെയ്തുവരുന്ന മനോജന്‍ ലോട്ടസ് പരിസരത്തെ വാടക വീട്ടിലാണു താമസം.
എ.എസ്.പി അരവിന്ദ് സുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ അഭിലാഷ്, അഡിഷനല്‍ എസ്.ഐ വി.കെ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. കണ്ണൂരില്‍നിന്ന് എസ്.ഐ പ്രകാശന്റെ നേതൃത്വത്തില്‍ എത്തിയ ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്നു സംയുക്തമായി സ്‌ഫോടനമുണ്ടായ പറമ്പില്‍ തിരച്ചില്‍ നടത്തി. സംഭവത്തില്‍ ധര്‍മടം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."