മതേതരമെന്നാല്‍ മറ്റ് മതങ്ങളുടെ കുറ്റം കണ്ടുപിടിക്കലല്ല: ജസ്റ്റിസ് സിറിയക് ജോസഫ്
കൊച്ചി: മതേതര സമീപനമെന്നാല്‍ മറ്റ് മതങ്ങളുടെ കുറ്റവും കുറവും കണ്ടുപിടിക്കലല്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതുപോലെ തന്നെ മറ്റ് മതവിശ്വാസികളെ ആദരിക്കുകയും അവര്‍ക്ക് വിശ്വസിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതുമാണ് മതേതര സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം സഹോദരനഗറില്‍ ശ്രീനാരായണ ദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന നിലവില്‍വന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മതേതരത്വം എന്ന ആശയം ശ്രീനാരായണ ഗുരു പ്രസംഗിക്കുകയും പ്രചരിക്കുകയും ചെയ്തു. ഇന്ത്യന്‍ മതേതരത്വം സമൂഹത്തില്‍ അവതരിപ്പിച്ചതും വിത്തുപാകിയതും ശ്രീനാരാണഗുരുവാണ്. എന്നാല്‍, അദ്ദേഹം ആ നിലയില്‍ അംഗീകരിക്കപ്പെട്ടില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആശയത്തിന് പലരും പല വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ശ്രീനാരായണഗുരു ഉദ്ദേശിച്ചത് ഏത് മതത്തില്‍ വിശ്വസിച്ചാലും മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് നല്ല മനുഷ്യരായി തീരുകയെന്നതാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. രാഘവന്‍ വക്കീല്‍ പുരസ്‌കാരം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന് ചടങ്ങില്‍ ജസ്റ്റിസ് സിറിയക് ജോസഫ് സമ്മാനിച്ചു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എന്‍.ഡി പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."