തടസം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍
ആലപ്പുഴ: പാടശേഖരസമിതികള്‍ക്കുള്ള പമ്പിങ് സബ്‌സിഡി നല്‍കുന്നതിന് നിലനില്‍ക്കുന്ന തടസങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം ഉത്തരവിറക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. പാടശേഖര സമിതി പ്രതിനിധികളുടെയും പമ്പിങ് കരാറുകാരുടെയും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കൃഷി ഒഴിവാക്കിയാല്‍ അടുത്ത കൃഷിക്ക് പമ്പിങ് സബ്‌സിഡി നല്‍കില്ല എന്ന നിലവിലെ വ്യവസ്ഥയും കൃഷിചെയ്ത് വിളവെടുപ്പ് പൂര്‍ത്തിയാക്കിയാലേ പമ്പിങ് സബ്‌സിഡി നല്‍കൂവെന്ന വ്യവസ്ഥയും ഒഴിവാക്കാനുള്ള ഉത്തരവ് ഉടനിറക്കും. ഇതോടെ മടവീണ് നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും പമ്പിങ് സബ്‌സിഡി ലഭിക്കാനുള്ള അവസരം തെളിയും. ഏറെ നാളായുള്ള കര്‍ഷകരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്നതാണ് അടിയന്തര ലക്ഷ്യം. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാലേ മനുഷ്യരെ അങ്ങോട്ട് തിരിച്ചുകൊണ്ടുപോകാനാവൂ. മട കുത്താനും പമ്പിങ് തുടങ്ങാനുമുള്ള നടപടികളുമായി പാടശേഖരസമിതികള്‍ പൂര്‍ണമായും സഹകരിക്കണം.
മോട്ടോറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുന്നതിന് ഒരു സാങ്കേതികസമതിയെ നിയോഗിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം ഈ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി അറിയിച്ചു. വെള്ളം വറ്റിക്കുകയെന്നത് വളരെ പ്രധാനമാണ്. ഒരു നിമിഷംപോലും കളയാതെ വെള്ളം വറ്റിക്കുന്നത് തുടങ്ങണം. ഇതിനുമുന്‍പ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സഹായങ്ങളാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
മട വീണ പാടശേഖരങ്ങള്‍ക്ക് മട കുത്താന്‍ 20 ശതമാനം തുക മുന്‍കൂര്‍ നല്‍കി. അഞ്ച് ലക്ഷത്തിനുമേല്‍ വിളിക്കുന്ന ടെന്‍ഡറുകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. മുന്‍പ് മട കുത്തിയവര്‍ക്കും തുക സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള തുക ഒരാഴ്ചയ്ക്കകം അനുവദിക്കും. ഇന്‍ഷുറന്‍സ് തുകയും ഒരാഴ്ചയ്ക്കകം ലഭ്യമാക്കും. കര്‍ഷകര്‍ ആവശ്യപ്പെട്ടതുപോലെ കൃഷി ഇറക്കുമ്പോള്‍ 50 കിലോ വിത്ത് സൗജന്യമായി നല്‍കും. പമ്പിങ് ആരംഭിക്കുന്നതിനായി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി കണക്ഷന്‍ ആവശ്യമുള്ളയിടത്തെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഒരാഴ്ചയ്ക്കകം പുനരധിവാസം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുലാം 10ന് തുടങ്ങേണ്ട പുഞ്ചകൃഷി സംബന്ധിച്ചും രണ്ടാം കുട്ടനാട് പാക്കേജ് സംബന്ധിച്ചും വിശദമായ ഒരു യോഗം ഉടനെ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ കുട്ടനാട് എം.എല്‍.എ തോമസ്ചാണ്ടി, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ബീന നടേശ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."