ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കും
തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടനയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ബുധനാഴ്ച യൂറോപ്പിലേക്ക് യാത്രതിരിക്കും.
13ന് ജനീവയിലാണ് ലോക പുനര്‍നിര്‍മാണ സമ്മേളനം. മുഖ്യപ്രഭാഷകരില്‍ ഒരാളായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകരുമായും സംസാരിക്കും. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ.കെ.എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും.
14ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സംരംഭകരുമായി ചര്‍ച്ച നടത്തും. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി ഇന്ത്യക്കാരെയും കാണുന്നുണ്ട്. 20ന് തിരിച്ചെത്തും വിധമാണ് പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ.വി വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."