കോടതിയിലേക്ക് കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടികൂടി
ഗൂഡല്ലൂര്‍: ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയതിന് പൊലിസ് കസ്റ്റഡിയിലായിരുന്ന പ്രതി കോടതിയിലേക്ക് പോകുന്നതിനിടെ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ മേട്ടുപാളയത്ത് വച്ച് പൊലിസ് വലയിലാക്കുകയും ചെയ്തു. മേട്ടുപാളയം സ്വദേശി വിജയന് (45)ആണ് വീണ്ടും പൊലിസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കുന്നൂര് ജയിലില്‍ നിന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോത്തഗിരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ജയില്‍ കോംപൗണ്ടില്‍ നിന്ന് പ്രതി രക്ഷപ്പെട്ടത്.
തുടര്‍ന്ന് ഈ വിവരം മുഴുവന്‍ പൊലിസ് സ്റ്റേഷനിലേക്ക് അറിയിക്കുകയും 1.30 ഓടെ പ്രതിയെ മേട്ടുപാളയത്ത് വെച്ച് പൊലിസ് പിടികൂടുകയായിരുന്നു. 2010-11 വര്‍ഷത്തില്‍ ജോലി വാഗ്ദാനം നല്കി ജനങ്ങളില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇയാളെ പത്ത് ദിവസം മുമ്പാണ് കുന്നൂര് പൊലിസ് അറസ്റ്റ് ചെയ്തത്. ഊട്ടി, കുന്നൂര് മേഖലയിലെ ജനങ്ങളെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
ഇയാള്‍ക്കെതിരെ പണം നല്കിയവര് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. മണിക്കൂറുകളുടെ വിത്യാസത്തില്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പൊലിസിനെ ജില്ലാ പൊലിസ് മേധാവി മുരളിറംബ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."