പോസ്റ്റല്‍ വോട്ട്: ചേരിതിരിഞ്ഞ് മുന്നണിപ്പൊലിസ്
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലിസുകാരില്‍നിന്നു പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതില്‍ ഇടതുമുന്നണി സംഘടനാ പൊലിസില്‍ ചേരിപ്പോര്. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ചേരിതിരിഞ്ഞ് ബാലറ്റ് വോട്ട് തട്ടാന്‍ ശ്രമം.
പൊലിസ് അസോസിയേഷന്റെയും പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും അംഗങ്ങള്‍ ചേരിതിരിഞ്ഞാണ് ഇടതുമുന്നണിക്കുവേണ്ടി വോട്ട് ശേഖരിക്കുന്നത്. പ്രതിപക്ഷ കക്ഷിയിലെ പൊലിസുകാരെ ഉള്‍പ്പെടെ വിരട്ടി വാങ്ങുന്ന പോസ്റ്റല്‍ വോട്ടുകളാണ് ഭരണ കക്ഷിയിലെ പൊലിസുകാര്‍ രണ്ടു ചേരികളിലായി നിന്ന് ശേഖരിക്കുന്നത്.
ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതാവായ ഉദ്യോഗസ്ഥന്റെ ആളായി നിന്ന് തലസ്ഥാനത്തെ ഒരു മുന്‍ എം.എല്‍.എയുടെ ഗണ്‍മാനാണ് വോട്ട് ശേഖരണത്തിന് ഒരുചേരിക്ക് നേതൃത്വം നല്‍കുന്നത്. മറുവശത്ത് പൊലിസ് അസോസിയേഷന്റെ ഔദ്യോഗിക അംഗങ്ങളും. ഇടതു മുന്നണിക്കുവേണ്ടി ചേരിതിരിഞ്ഞ് പോസ്റ്റല്‍ വോട്ട് ശേഖരണം തുടങ്ങിയതോടെ വോട്ട് ആരെ ഏല്‍പ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഇടത് അനുഭാവികളായ പൊലിസുകാര്‍. ഓഫിസേഴ്‌സ് അസോസിയേഷനില്‍പെട്ട നേതാവിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് സംബന്ധിച്ച് എതിര്‍ഭാഗം ആക്ഷേപമുന്നയിക്കുന്നുമുണ്ട്.
ഈ നേതാവ് പൊലിസിലെ ഈഴവ ലോബിയുടെ ആളാണെന്നും ഇദ്ദേഹത്തിന് ബിജു രമേശുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വീടിരിക്കുന്ന പ്രദേശത്ത് ആറ്റിങ്ങലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അടൂര്‍ പ്രകാശിനുവേണ്ടി വോട്ടുപിടിച്ചെന്നുമാണ് ആക്ഷേപം. ഇദ്ദേഹത്തിന്റെ കൈയിലെത്തുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ അടൂര്‍ പ്രകാശിന് പോകാന്‍ സാധ്യതയുണ്ടെന്നും എതിര്‍ഭാഗം ആരോപിക്കുന്നു.
ഇതിനൊപ്പമാണ് പൊലിസുകാരെ ഫോണില്‍ വിരട്ടിയും സ്ഥലംമാറ്റ ഭീഷണി ഉയര്‍ത്തിയും വോട്ട് കൂടുതല്‍ നേടാനുള്ള ശ്രമം. ഇതുവരെ ലഭിച്ച വോട്ടുകള്‍ മണ്ഡലങ്ങള്‍ കണക്കാക്കി തരംതിരിക്കുന്ന ജോലികളും നന്ദാവനം പൊലിസ് ക്യാംപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കള്ളവോട്ട് നടന്നു എന്ന ആരോപണത്തിനു പിന്നാലെ പൊലിസിലും കള്ളവോട്ടെന്ന ആക്ഷേപം നേരത്തെ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലിസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കള്ളവോട്ട് ചെയ്യുന്നെന്ന ആക്ഷേപമാണ് നേരത്തെ പുറത്തുവന്നത്.
55,000ത്തില്‍ അധികം പൊലിസുകാരാണ് തെരഞ്ഞെടുപ്പ് ജോലിക്ക് ഉണ്ടായിരുന്നത്. ഇവരില്‍ 90 ശതമാനം പേരും തപാല്‍ വോട്ടാണ് ചെയ്തത്.
ഒന്നിലധികം തപാല്‍ വോട്ടുകള്‍ ഒരേ മേല്‍വിലാസത്തില്‍ എത്തി എന്നും സ്ഥലംമാറ്റമുള്‍പ്പെടെയുള്ള ഭീഷണികള്‍ മുഴക്കിയും സമ്മര്‍ദം ചെലുത്തിയുമാണ് തപാല്‍ വോട്ടുകള്‍ ശേഖരിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് ഇടത് അനുകൂലികളായ പൊലിസുകാര്‍ കള്ളവോട്ട് ചെയ്യാന്‍ ചേരിതിരിഞ്ഞ് പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."