വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്; നിഷേധക്കുറിപ്പുമായി വിനോദ് ജോസ് വിഭാഗം, കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ആന്റണി കോയിക്കര
പ്രത്യേക ലേഖകന്‍
പാലക്കാട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സുപ്രഭാതത്തിനെതിരേ നിഷേധക്കുറിപ്പുമായി സംഘടനയുടെ വിനോദ് ജോസ് വിഭാഗം രംഗത്തുവന്നു. പ്രസിഡന്റ് വിനോദ് കെ ജോസ്, സെക്രട്ടറി പി.എം.കെ ബാവ, ട്രഷറര്‍ അനൂപ് എസ് എന്നിവരാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് മൂന്നുദിവസത്തിനുശേഷം സംയുക്ത നിഷേധക്കുറിപ്പുമായി എത്തിയത്. സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞുതുടങ്ങിയ നിഷധക്കുറിപ്പ് തുടര്‍ന്നങ്ങോട്ട് മുഴുവന്‍ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആന്റണി കോയിക്കരയെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം എന്ന നിലയിലാണ് അവസാനിക്കുന്നത്. അംഗങ്ങളെ ചേര്‍ക്കുന്നതിന് ആയിരം രൂപ വാങ്ങിയത് ആന്റണിയാണെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ സംഘടന പുറത്താക്കിയതാണെന്നും പ്രസ്താവന വിശദീകരിക്കുന്നു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ല. സുപ്രഭാതം റിപ്പോര്‍ട്ടറെ ആരും ഭീഷണിപ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മാപ്പുപറയുകയോ ചെയ്തിട്ടില്ലെന്നും നിലപാട് മാറ്റിയ സംഘടനാ നേതൃത്വം, സുപ്രഭാതം വെളിപ്പെടുത്തിയ കാതലായ ഒരു കാര്യത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായി.
അതേസമയം ആന്റണി കോയിക്കരയാണ് സംഘടനയിലെ മോശം വ്യക്തിയെന്ന നിലയില്‍ സൂചിപ്പിച്ച നേതാക്കളുടെ പ്രസ്താവന ആഭ്യന്തര കലഹം തങ്ങള്‍ക്കിടയില്‍ രൂക്ഷമാണെന്ന് വെളിവാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും അത് വിനോദ് ജോസ് വിഭാഗമാണെന്നും ആന്റണി കോയിക്കര പ്രതികരിച്ചു. വിനോജ് ജോസ് വിഭാഗത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ എതിര്‍ക്കുകയും തടസ്സം നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്ക് താന്‍ അനഭിമതന്‍ ആയത്. ആരാണ് അണികളെ വഞ്ചിക്കുന്നതെന്ന് കാലം തെളിയിക്കും. ആര്‍.എസ്.എസ് സൃഷ്ടിയാണ് സംഘടന എന്ന പരാമര്‍ശം ഒഴികെ സുപ്രഭാതം പുറത്തുവിട്ട കാര്യങ്ങളെല്ലാം അംഗീകരിക്കുന്നതായും ആന്റണി കോയിക്കര വ്യക്തമാക്കി.
അതേസമയം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ദിവസങ്ങള്‍ക്കുശേഷം നേതാക്കള്‍ പ്രസ്താവനയുമായി വന്നതെന്ന് സംഘടനയോട് വിടപറഞ്ഞവര്‍ വ്യക്തമാക്കുന്നു. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് അണികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും കൃത്യമായ മറുപടിയില്ലാതായതോടെ ആളുകള്‍ കൂട്ടത്തോടെ ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് ആവുകയുമാണ്. ഇതില്‍ വിറളിപൂണ്ട നേതൃത്വം അവരുടെ ഐ.ടി വിഭാഗത്തിന്റെ സഹായത്തോടെ സുപ്രഭാതത്തിനെതിരേ കല്ലുവച്ച നുണകളും കുപ്രചാരണങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനുള്ള നീക്കങ്ങളും ശക്തമാക്കി. മറ്റൊരു പത്രത്തില്‍ ചരമ പേജില്‍ സംഭവിച്ച പിഴവ് സുപ്രഭാതത്തിലാണ് വന്നതെന്നാണ് പുതിയ പ്രചാരണം. കാന്മാനില്ലെന്ന് പറഞ്ഞ് സുപ്രഭാതത്തില്‍ പരസ്യം കൊടുത്തവരുടെ ഫോട്ടോ ചരമ പേജില്‍ വന്നുവെന്നും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിനെതിരേ വ്യാജ വാര്‍ത്ത കൊടുത്തതും ഇതുപോലെയാണെന്നുമാണ് സംഘടന തയാറാക്കിയ വീഡിയോ വ്യക്തമാക്കുന്നത്. സെപ്തംബര്‍ 12ന് സംഘ്പരിവാര്‍ പത്രത്തില്‍ വന്ന തെറ്റിനെയാണ് ഇവര്‍ സുപ്രഭാതത്തില്‍ വന്ന തെറ്റ് എന്ന രീതിയില്‍ പ്രചരണം നടത്തുന്നത്. സംഘടനയ്ക്ക് എതിരേ വാര്‍ത്ത വന്ന ആദ്യ രണ്ടുദിവസങ്ങളില്‍ സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ലേഖകന്റെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്താന്‍ നേതാക്കള്‍ ആവശ്യപ്പെടുകയും ലേഖകനെതിരേ വധി ഭീഷണി ഉയര്‍ത്തുകയും ചെയ്തു. അത് വിജയിക്കാതായപ്പോഴാണ് വ്യാജ വീഡിയോ തയാറാക്കി പ്രചാരണം തുടങ്ങിയത്. വ്യാജവീഡിയോകളും ടെക്‌സ്റ്റ് മെസേജുകളും വ്യാപകമായി പ്രചരിപ്പിക്കാനാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശമെന്നാണ് സംഘടനയോട് വിട പറഞ്ഞ പ്രവര്‍ത്തകര്‍ സുപ്രഭാതത്തെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."