പ്രളയക്കെടുതിയില്‍ ചത്തത് 200 നാല്‍ക്കാലികള്‍
തൊടുപുഴ: മഴക്കെടുതികള്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയെയും സാരമായി ബാധിച്ചു. ലഭ്യമായ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 122 കന്നുകാലികള്‍, 79 ആടുകള്‍, 9108 കോഴികള്‍,67 താറാവുകള്‍, 28 പന്നികള്‍, അഞ്ചു ടര്‍ക്കി കോഴികള്‍, 25 മുയലുകള്‍ എന്നിവ ചത്തു.
91 തൊഴുത്തുകള്‍, 11 ആട്ടിന്‍കൂടുകള്‍, എട്ടു കോഴിക്കൂടുകള്‍, നാലു പന്നിക്കൂടുകള്‍ എന്നിവയ്ക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 3000 കിലോയോളം മല്‍സ്യം, ഒന്‍പതു ചാക്ക് കാലിത്തീറ്റ എന്നിവയ്ക്കും 31 കര്‍ഷകരുടെ തീറ്റപ്പുല്‍ കൃഷിക്കും നഷ്ടമുണ്ടായതായാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍. മണ്ണിടിച്ചിലില്‍ പന്നിയാര്‍കുട്ടി വെറ്ററിനറി സബ് സെന്റര്‍ പൂര്‍ണമായും തകര്‍ന്നു.മഴക്കെടുതികളുടെ ആരംഭത്തില്‍ തന്നെ 24 മണിക്കൂറും സേവനം നല്‍കുന്നതിനായി ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിരുന്നതായി മൃഗസംരക്ഷണ വകുപ്പധികൃതര്‍ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു കണക്കുകള്‍ അതതു ദിവസം തന്നെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കു നല്‍കിയിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് മേഖല, ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അടിമാലി മേഖല, ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കുമളി മേഖല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഇതിനോടകം 30,000 കിലോഗ്രാം കാലിത്തീറ്റയും 2000 കിലോ ധാതുലവണ മിശ്രിതവും അടിയന്തര ആവശ്യത്തിനായി വിതരണം ചെയ്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ ഡോ.ബിജു ജെ ചെമ്പരത്തി പറഞ്ഞു.
അത്യാവശ്യം വേണ്ട മരുന്നുകളും പ്രതിരോധ സാമഗ്രികളും അണുനാശിനികളും സെന്‍ട്രല്‍ സ്‌റ്റോറില്‍ നിന്നു ലഭ്യമാക്കി റോഡുമാര്‍ഗം തൊടുപുഴ മേഖലയിലും വാഹനഗതാഗതം താറുമാറായ ഹൈറേഞ്ച് മേഖലകളായ കട്ടപ്പനയിലും അടിമാലിയിലും ഹെലികോപ്റ്ററിലും എത്തിച്ചു വിതരണം ചെയ്തു.
ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി മറവു ചെയ്യുന്നതിനു ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്നു പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതായും അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് അടിയന്തര സേവനം ലഭ്യമാക്കുന്നതിനു ജില്ലയിലുടനീളം 31 ക്യാംപുകള്‍ നടന്നുവരുന്നതായി പിആര്‍ഒ പറഞ്ഞു. നാശനഷ്ടങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ ഉടന്‍തന്നെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."